ന്യൂസിലൻഡിന് ബാറ്റിങ്; ഇന്ത്യക്കായി ഗിൽ, വാഷിങ്ടൺ, ആകാശ്ദീപ് കളിക്കും
text_fieldsപുണെ: രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ബാറ്റിങ്. ടോസ് നേടിയ കീവീസ് നായകൻ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുത്തു.
നിലവിൽ സന്ദർശകർ ആറു ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റൺസെടുത്തിട്ടുണ്ട്. 14 റൺസുമായി ടോം ലാഥമും ഒമ്പതു റൺസുമായി ഡെവോൺ കോൺവേയുമാണ് ക്രീസിൽ. ഒന്നാം ടെസ്റ്റ് കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കു പകരം ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, ആകാശ്ദീപ് സിങ് എന്നിവർ ടീമിലെത്തി. ന്യൂസിലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. പരുക്കിന്റെ പിടിയിലായ മാറ്റ് ഹെൻറിക്ക് പകരം മിച്ചൽ സാന്റ്നർ പ്ലെയിങ് ഇലവനിലെത്തി. ബംഗളൂരു ടെസ്റ്റിൽ എട്ടു വിക്കറ്റിന് പരാജയപ്പെട്ട രോഹിത് ശർമയും സംഘവും പുണെയിൽ വിജയത്തിൽ കുറഞ്ഞൊരു ഫലവും ആഗ്രഹിക്കുന്നില്ല.
മൂന്നര പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയിൽ ന്യൂസിലൻഡ് ആദ്യമായി ടെസ്റ്റ് ജയിക്കുന്നത്. സ്പിന്നർമാരെ സഹായിക്കുന്നതാണ് പിച്ച്. ആദ്യ രണ്ടു ദിവസം ബാറ്റിങ്ങിനെയും പിന്നീട് സ്പിന്നർമാരെയും തുണക്കുമെന്നതിനാൽ അവസാന ദിവസങ്ങളിൽ ബാറ്റിങ് ദുഷ്കരമാകും. അതുകൊണ്ട് തന്നെ ബാറ്റിങ് തെരഞ്ഞെടുത്ത കീവീസ് പരമാവധി സ്കോർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. തെളിഞ്ഞ മാനത്ത് ചിറകടിച്ചുയരാനാവുമോയെന്നാണ് കിവികളും നോക്കുന്നത്. അവർക്ക് ജയം ആവർത്തിക്കാനായാൽ പിറക്കുന്നത് ചരിത്രമായിരിക്കും.
രണ്ടാം ഇന്നിങ്സിൽ 150 റൺസടിച്ചതാണ് ഗിൽ തിരിച്ചെത്തിയിട്ടും സർഫറാസിന് ടീമിൽ ഇടംഉറപ്പിച്ചത്. കഴിഞ്ഞ രണ്ട് ഇന്നിങ്സിലും പരാജയമായ രാഹുലിനെ മാറ്റി. ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലി മൂന്നാം നമ്പറിലും സർഫറാസ് ഖാൻ നാലാം നമ്പറിലുമാണ് കളിച്ചത്. ഗിൽ തിരിച്ചെത്തിയതോടെ കോഹ്ലി നാലാം നമ്പറിലേക്ക് മടങ്ങി. ആദ്യ ടെസ്റ്റിൽ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാതിരുന്നതാണ് കുൽദീപ് യാദവിനു വിനയായത്.
ടീം ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്.
ടീം ന്യൂസിലൻഡ്- ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്നർ, വില്യം ഒറൂർക്കെ, ടിം സൗത്തി, അജാസ് പട്ടേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.