ഇന്ത്യൻ വിജയം 147 റൺസ് അകലെ; ജദേജക്ക് പത്ത് വിക്കറ്റ്; ന്യൂസിലൻഡ് 174 റൺസിന് പുറത്ത്
text_fieldsമുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ വിജയം 147 റൺസ് അകലെ. സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് 174 റൺസിൽ അവസാനിച്ചു.
രണ്ടു ഇന്നിങ്സുകളിലുമായി രവീന്ദ്ര ജദേജ പത്ത് വിക്കറ്റ് നേടി. ഒമ്പത് വിക്കറ്റിന് 171 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കീവീസിന് മൂന്നു റൺസ് കൂട്ടിചേർക്കുന്നതിനിടെ പത്താം വിക്കറ്റും നഷ്ടമായി. 23 പന്തിൽ എട്ടു റൺസെടുത്ത അജാസ് പട്ടേലിനെ ജദേജ ആകാശ് ദീപിന്‍റെ കൈകളിലെത്തിച്ചു. രണ്ടു റൺസുമായി വില്യം ഒറൂർക്കെ പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സവും തോറ്റ് പരമ്പര കൈവിട്ട രോഹിത് ശർമയും സംഘവും മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.
രണ്ടാം ദിനം നാല് വിക്കറ്റിന് 84 റൺസിന് ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. 28 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 90 റൺസ് നേടി ശുഭ്മൻ ഗിൽ ടോപ് സ്കോററായപ്പോൾ 60 റൺസുമായി ഋഷഭ് പന്തും പോരാടി. കിവി സ്പിന്നർ അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നി. രാവിലെ ക്രീസിലുണ്ടായിരുന്ന ഗില്ലും ഋഷഭും ചേർന്ന് അഞ്ചാം വിക്കറ്റിൽ പുറത്തെടുത്ത ബാറ്റിങ് ആതിഥേയർക്ക് മികച്ച ലീഡ് സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകി. എട്ട് ഫോറും രണ്ട് സിക്സുമടക്കം 59 പന്തിൽ 60 റൺസ് നേടിയ ഋഷഭിനെ ഇഷ് സോധി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഈ സഖ്യം തകർന്നു. ടീം സ്കോർ 180.
പകരക്കാരനായെത്തിയത് രവീന്ദ്ര ജദേജ. അഞ്ചിന് 195ൽ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. സ്കോർ 200 കടന്നതിന് പിന്നാലെ ജദേജയെ (14) ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു. തുടർന്നെത്തിയ സർഫറാസ് ഖാൻ അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈകളിലൊതുങ്ങി. അജാസിനായിരുന്നു വിക്കറ്റ്. മറുതലക്കലുണ്ടായിരുന്ന ഗില്ലിനെ അജാസിന്റെ തന്നെ ഓവറിൽ മിച്ചൽ ക്യാച്ചെടുത്തു മടക്കി. സെഞ്ച്വറിക്കും ലീഡിനും അരികിൽ വെച്ചായിരുന്നു ഗില്ലിന്റെ വീഴ്ച. എട്ടിന് 227. 38 റൺസെടുത്ത് പുറത്താവാതെ നിന്ന വാഷിങ്ടൺ സുന്ദറാണ് കിവികളുടെ 235 റൺസെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മുകളിൽ ഇന്ത്യയെ എത്തിച്ചത്. രവിചന്ദ്രൻ അശ്വിനെയും (6) അജാസ് പുറത്താക്കിയപ്പോൾ ആകാശ്ദീപ് റണ്ണൗട്ടായി.
നാല് വിക്കറ്റെടുത്ത ജദേജയും മൂന്ന് വിക്കറ്റ് നേടിയ അശ്വിനുമാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ തകർത്തത്. ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ടോം ലാഥം (1) ആകാശ്ദീപിന്റെ പന്തിൽ ബൗൾഡായി. മറ്റൊരു ഓപണർ ഡെവൻ കോൺവേയെ (22) വാഷിങ്ടണിന്റെ പന്തിൽ ഗിൽ പിടിച്ചു. രചിൻ രവീന്ദ്രയെ (4) അശ്വിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ പന്ത് സ്റ്റമ്പ് ചെയ്തതോടെ മൂന്നിന് 44. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലിനൊപ്പം വിൽ യങ് ചെറുത്തുനിന്നു. 21 റൺസെടുത്ത മിച്ചലിനെ ജദേജ പുറത്താക്കി. ബ്ലണ്ടലിന്റെ (4) കുറ്റിയിളക്കി ജദേജ. 51 റൺസെടുത്ത യങ്ങിനെ അശ്വിൻ സ്വന്തം പന്തിൽ പിടിക്കുമ്പോൾ എട്ടിന് 150. ഗ്ലെൻ ഫിലിപ് (26), മാറ്റ് ഹെൻറി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.