ന്യൂസിലൻഡ്: ഐ.സി.സി ടൂർണമെന്‍റുകളിൽ എന്നും ഇന്ത്യയുടെ വഴിമുടക്കി, ചരിത്രം ഇങ്ങനെ
text_fieldsദുബൈ: ഐ.സി.സി ടൂർണമെന്‍റുകളിൽ ന്യൂസിലൻഡിന് മുന്നിൽ വീഴുന്ന പതിവ് രീതി ട്വന്‍റി 20 ലോകകപ്പിലും ആവർത്തിച്ചു. രണ്ട് വർഷത്തിനിടെ പ്രധാനപ്പെട്ട മൂന്ന് ടൂർണമെന്‍റുകളിലാണ് ഇന്ത്യ നൂസിലൻഡിന് മുന്നിൽ വീണത്. 2019ലെ ഐ.സി.സി ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിയും 2021ലെ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ തോൽവിയും ഇതിലുൾപ്പെടും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഐ.സി.സി ടൂർണമെന്‍റുകളിൽ ഒരേ ഒരു തവണ മാത്രമാണ് ഇന്ത്യ നൂസിലാൻഡിനെ വീഴ്ത്തിയത്. 2003 ലോകകപ്പിലായിരുന്നു അത്. സൂപ്പർ സിക്സ് മത്സരത്തിൽ കിവികളെ വെറും 146 റൺസിന് പുറത്താക്കിയ ഇന്ത്യ 40.4 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാലുവിക്കറ്റെടുത്ത സഹീർഖാനാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
2007ൽ ഇന്ത്യ ചാമ്പ്യൻമാരായ ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 190 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 180 റൺസെടുക്കാനോ സാധിച്ചുള്ളൂ. ഇന്ത്യ ചാമ്പ്യൻമാരായ 2011 ലോകകപ്പിലും 2013 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യക്ക് എതിരാളിയായി ന്യൂസിലൻഡ് വന്നിരുന്നില്ല. 2016 ട്വന്‍റി ലോകകപ്പിലും ഇന്ത്യ കിവികൾക്ക് മുന്നിൽ കവാത്ത് മറന്നിരുന്നു.
എന്നാൽ ഐ.സി.സി ടൂർണമെന്‍റുകളിലൊഴികെ ഇന്ത്യക്കാണ് ആധിപത്യം കൂടുതൽ. ഇന്ത്യ 21 ടെസ്റ്റിൽ വിജയിച്ചപ്പോൾ ന്യൂസിലൻഡ് 13 എണ്ണത്തിലാണ് വിജയിച്ചത്. പരസ്പരം ഏറ്റുമുട്ടിയ 16 ട്വന്‍റി 20 മത്സരങ്ങളിൽ ഇന്ത്യയും ന്യൂസിലൻഡും എട്ടെണ്ണത്തിൽ വീതം വിജയിച്ചു. കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ നടന്ന ട്വന്‍റി 20 പരമ്പര 5-0ത്തിനാണ് ഇന്ത്യ വിജയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.