‘‘പ്രിയപ്പെട്ട ബിരിയാണി കിട്ടിയില്ലെങ്കിൽ...’’- ആദ്യ ട്വന്റി20 തോൽവിയെ കുറിച്ച് വാഷിങ്ടൺ സുന്ദറിന് ചിലതു പറയാനുണ്ട്
text_fieldsന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ടീം ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ബാറ്റിങ് പരാജയമായ ആതിഥേയർ 21 റൺസ് തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. 177 റൺസ് എന്ന മിതമായ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യൻ നിരയിൽ ശുഭ്മാൻ ഗിൽ ഉൾപ്പെടെ പ്രമുഖർ അതിവേഗം മടങ്ങിയതോടെ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങി. 28 പന്തു നേരിട്ട് അതിവേഗം അർധ സെഞ്ച്വറി കുറിച്ച വാഷിങ്ടൺ സുന്ദർ മാത്രമായിരുന്നു അപവാദം. രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും താരം മിടുക്കുകാട്ടി.
തൊട്ടുമുമ്പ് കിവികൾക്കെതിരെ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയ ടീമിന്റെ മോശം പ്രകടനത്തെ കുറിച്ച് വാഷിങ്ടൺ സുന്ദറിനോടുള്ള ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് രസകരമായത്.
‘‘കളി ഏകപക്ഷീയമായിരുന്നുവെന്നാണ് എന്റെ പക്ഷം. പിച്ച് സ്പിന്നിനകൂലമായിട്ടുണ്ടായിരിക്കാം. പക്ഷേ, അതുമാത്രമാണ് കാരണമെന്ന് തോന്നുന്നില്ല. മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു. ഇതുപോലുള്ള വിക്കറ്റിൽ ഐ.പി.എല്ലിലും മറ്റും നാം കളിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ കളി നമുക്കൊപ്പമായില്ല’’- പ്രതികരണം കേട്ട മാധ്യമപ്രവർത്തകൻ കുറെകൂടി കടന്ന് ടോപ് ഓർഡറിനെ മാറ്റണോ എന്നു ചോദിച്ചപ്പോൾ ഉത്തരവും സമാനമായൊന്നായിരുന്നു. ‘‘ഒരു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? ഒരു റസ്റ്റൊറന്റിൽ നിങ്ങൾക്കിഷ്ടമുള്ള ബിരിയാണി ലഭിച്ചില്ലെന്നു കരുതി, ഒരിക്കലും അവിടെ കയറാതിരിക്കുമോ? എല്ലാവരും ഒരുപാട് റൺസ് അടിച്ചുകൂട്ടിയവരാണ്. ഒരു ദിവസം ഇങ്ങനെയായി. അത് ആർക്കും സംഭവിക്കാം. ഇതേ ന്യൂസിലൻഡ് തന്നെ റായ്പൂരിൽ തകർന്നടിഞ്ഞത് നാം കണ്ടതാണ്’’.
നാലോവർ എറിഞ്ഞ് 51 റൺസ് വഴങ്ങിയ അർഷ്ദീപ് സിങ്ങും ഏക ഓവറിൽ 16 റൺസ് വിട്ടുനൽകിയ ഉംറാൻ മാലികും പിശുക്കുകാട്ടാത്ത കളിയിൽ ന്യൂസിലൻഡ് മികച്ച ബാറ്റിങ്ങുമായാണ് ജയം ഉറപ്പിച്ചത്. ഇരുവർക്കും പിഴച്ചതിനെ കുറിച്ച ചോദ്യത്തിനും സമാന പ്രതികരണമാണ് താരം നൽകിയത്. ഇന്ത്യക്കായും ഐ.പി.എല്ലിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തവനാണ് അർഷ്ദീപ് എങ്കിൽ, ശ്രീലങ്കക്കെതിരെയും ന്യൂസിലൻഡിനെതിരെയും പന്തുകൊണ്ട് അദ്ഭുതം കാട്ടിയവനാണ് ഉംറാനെന്നും വാഷിങ്ടൺ സുന്ദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.