ഒറ്റ സിക്സും പിറക്കാത്ത ലഖ്നോ പിച്ച് ഒരുക്കിയ ക്യൂറേറ്ററെ പുറത്താക്കി യു.പി ക്രിക്കറ്റ് അസോസിയേഷൻ
text_fieldsട്വന്റി20 മത്സരത്തിലെ പതിവു വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശയിലാഴ്ത്തിയായിരുന്നു ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ട്വന്റി20. ലഖ്നോ അടൽ ബിഹാരി സ്റ്റേഡിയത്തിൽ അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും പിച്ച് ദുരന്തമായെന്ന് രൂക്ഷ വിമർശനവുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രംഗത്തെത്തി. ന്യൂസിലൻഡിനെ 20 ഓവറിൽ 99 റൺസിലൊതുക്കിയ ഇന്ത്യ ലക്ഷ്യം അടിച്ചെടുക്കാൻ 19.5 ഓവറാണ് ബാറ്റു ചെയ്തത്. പുറത്താകാതെ 26 റൺസെടുത്ത സൂര്യകുമാർ യാദവായിരുന്നു ഇരു ടീമുകളിലുമായി ടോപ് സ്കോറർ.
ബാറ്റിങ്ങിനെ ഒട്ടും തുണക്കാത്ത പിച്ചിൽ പേസർമാർക്കു പകരം സ്പിന്നർമാരാണ് കളം വാണത്. മൈതാനത്തെ പന്തിന്റെ കറക്കം തിരിച്ചറിഞ്ഞ ന്യൂസിലൻഡ് നായകൻ കിവി ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗുസനോട് സ്പിൻ എറിയാമോയെന്ന് ചോദിക്കുന്ന കൗതുകവും മൈതാനത്തുകണ്ടു. പിച്ചിനെതിരെ പരസ്യ വിമർശനവുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും രംഗത്തെത്തി. സത്യസന്ധമായി പറഞ്ഞാൽ, ശരിക്കും ഞെട്ടിക്കുന്നതായിരുന്നു പിച്ച്. മോശം പിച്ചുകൾ വിഷയമാക്കുന്നില്ല. അവയിലും ബാറ്റു ചെയ്യും. എന്നാൽ, രണ്ടു കളികളിലെയും വിക്കറ്റുകൾ ട്വന്റി20ക്ക് ഉണ്ടാക്കിയതല്ല’’- എന്നായിരുന്നു ഹാർദികിന്റെ വാക്കുകൾ. വിമർശനം കൂടുതൽ രൂക്ഷമായതോടെയാണ് ക്യുറേറ്ററെ പുറത്താക്കിയതായി യു.പി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചത്. പകരം സഞ്ജീവ് കുമാറിന് ചുമതല നൽകിയതായും അധികൃതർ പറഞ്ഞു.
‘‘പ്രധാന വിക്കറ്റുകളിലെല്ലാം ആഭ്യന്തര മത്സരങ്ങൾ പലതു നടന്നതാണെന്നും രാജ്യാന്തര മത്സരങ്ങൾക്കായി ഒരു വിക്കറ്റ് മാറ്റിവെക്കേണ്ടിയിരുന്നെന്നും യു.പി ക്രിക്കറ്റ് അസോസിയേഷൻ കുറ്റപ്പെടുത്തി.
നേരത്തെ ബംഗ്ലദേശിൽ പിച്ച് ഒരുക്കിയ അഗർവാൾ കഴിഞ്ഞ ഒക്ടോബറിലാണ് ചുമതലയിൽനിന്ന് മാറ്റിനിർത്തപ്പെട്ടത്. ബി.സി.സി.ഐ ക്യുറേറ്റർ തപോഷ് ചാറ്റർജിയുമായി സഹകരിച്ച് പിച്ചൊരുക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
പുതിയ ക്യുറേറ്ററുടെ നേതൃത്വത്തിൽ ഐ.പി.എല്ലിനായി ലഖ്നോ മൈതാനത്ത് പുതിയ പിച്ചൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.