അടിവേരിളക്കാൻ ന്യൂസിലാൻഡ് പേസ് പട; അടിപതറാതിരിക്കാൻ ഇന്ത്യ പൊരുതുന്നു
text_fieldsസതാംപ്ടൺ: എപ്പോൾ വേണമെങ്കിലും മഴ അപഹരിച്ചേക്കാമെന്ന ആശങ്കക്കിടയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ - ന്യൂസിലാൻഡ് ഫൈനൽ മത്സരത്തിന് സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ ദിനം പൂർണമായി മഴ കവർന്ന മത്സരത്തിൽ നിർണായകമായ ടോസ് ഭാഗ്യം കിവീസിനൊപ്പം നിന്നപ്പോൾ ആദ്യം ബാറ്റെടുത്തിറങ്ങാൻ നിയോഗിക്കപ്പെട്ട ഇന്ത്യക്ക് 100 റൺസിനു മുമ്പ് നഷ്ടമായത് മൂന്നു വിലപ്പെട്ട വിക്കറ്റുകൾ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 146 എന്ന നിലയിലാണ്.
തലേദിവസത്തെ മഴയിൽ നനവു മാറാത്ത മൈതാനത്ത് ഇന്ത്യ ഇറങ്ങിയത് അന്തരിച്ച ഇന്ത്യൻ കായിക ഇതിഹാസം മിൽഖാ സിങ്ങിനും ഭാര്യ നിർമൽ കൗറിനും ആദരസൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു.
ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ ടിം സൗതിയും ട്രെൻറ് ബോൾട്ടും തുടക്കമിട്ട ബൗളിങ്ങിനെതിരെ ശ്രദ്ധയോടെയായിരുന്നു ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ആരംഭിച്ചത്. ആദ്യ 20 ഓവറുകൾ ഇരുവരും ഉറച്ചുനിൽക്കുകയും സ്കോർ ബോർഡിൽ 62 റൺസ് എത്തുകയും ചെയ്തപ്പോൾ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായെന്നു തോന്നിച്ചതാണ്. പക്ഷേ, കെയ്ൽ ജെയിംസെൻറ ഫുൾ ലെംഗ്ത് പന്തിൽ അർധമനസ്സോടെ ബാറ്റ് വെച്ച രോഹിത് ശർമക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് തേഡ് സ്ലിപ്പിൽ ടിം സൗതിയുടെ കൈകളിൽ ഒതുങ്ങി. 68 പന്തിൽ 34 റൺസ് അതിനകം ഹിറ്റ്മാൻ കുറിച്ചിരുന്നു. അടുത്ത ഊഴം ശുഭ്മാൻ ഗില്ലിെൻറതായിരുന്നു. നീൽ വാഗ്നറുടെ പന്ത് വിക്കറ്റ് കീപ്പർ വാറ്റ്ലിങ്ങിെൻറ കൈയിലൊതുങ്ങുമ്പോൾ 64 പന്തിൽ 28 റൺസായിരുന്നു ഗില്ലിെൻറ സ്കോർ.
മൂന്നാമനായിറങ്ങിയ ചേതേശ്വർ പൂജാരയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഉറച്ചുനിന്നപ്പോൾ ഇന്ത്യ കരകയറുമെന്ന് തോന്നിച്ചതാണ്. പക്ഷേ, ഇന്ത്യയുടെ വൻമതിലായ പൂജാരയെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. എട്ട് റൺസേ എടുത്തുള്ളൂവെങ്കിലും 54 പന്തുകളാണ് പൂജാര പ്രതിരോധിച്ചത്.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കോഹ്ലിയും അജിൻക്യ രഹാനെയും രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ചായക്കു തൊട്ടുമുമ്പ് വെളിച്ചക്കുറവു മൂലം കളി നിർത്തി. 44 റൺസുമായി കോഹ്ലിയും 29 റൺസുമായി രഹാനെയും ബാറ്റ് ചെയ്യുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.