ആരാധകർ കാത്തിരുന്ന ആ പോരാട്ടം നടക്കുമോ? ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി
text_fieldsഏഷ്യാ കപ്പിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഭീഷണിയായി മഴ. ശ്രീലങ്കയിലെ കാൻഡിയിലുള്ള പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നു മുതലാണ് മത്സരം. ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം മഴമൂലം നടക്കാതെ പോകുമോ എന്ന നിരാശയിലാണ് ക്രിക്കറ്റ് പ്രേമികൾ. ശനിയാഴ്ച പകൽ മഴ പെയ്യാൻ 94 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉച്ചക്കുശേഷം 74 ശതമാനവും വൈകീട്ട് 67 ശതമാനവുമാണ് സാധ്യത കൽപിക്കപ്പെടുന്നത്. ഏഷ്യാ കപ്പിൽ ഡേ-നൈറ്റാണ് എല്ലാ മത്സരങ്ങളും.
മത്സരം ആരംഭിക്കുന്ന 2.30ന് 70 ശതമാനം മഴ സാധ്യതയുണ്ടെന്ന് യു.കെ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വൈകീട്ട് 5.30ന് ഇത് 60 ശതമാനവും രാത്രി 8.30ന് 30 ശതമാനവുമാണ്. ഉദ്ഘാടന മത്സരത്തിൽ ഗംഭീര ജയവുമായി പാകിസ്താൻ വരവറിയിച്ചിരുന്നു. നേപ്പാളിനെ 238 റൺസിനാണ് ബാബറും സംഘവും തകർത്തത്.
മഴ കാരണം മത്സരം നടക്കാതെ വന്നാൽ ഇരുടീമുകളും ഓരോ പോയന്‍റ് വീതം പങ്കിടും. അങ്ങനെയെങ്കിൽ സൂപ്പർ ഫോർ സാധ്യത സജീവമാക്കാൻ നേപ്പാളിനെതിരായ അടുത്ത മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മത്സരം നടന്നില്ലെങ്കിൽ പാകിസ്താന് ഗ്രൂപ്പിൽ ഒന്നാമതെത്താനും അവസാന നാലിൽ യോഗ്യത ഉറപ്പിക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.