ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നാളെ; മഴ ഭീഷണിയാകുമോ?
text_fieldsഅഹ്മദാബാദ്: ലോക ക്രിക്കറ്റിന്റെ സിരകളിൽ ആകാംക്ഷയും ആവേശവും സമമായൊഴുകുന്ന ഒരു ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം കൂടി. നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ ലോകകപ്പിലെ അഭിമാനപോരിന് അയൽക്കാർ നേരങ്കം കുറിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അതാവാഹിക്കുമെന്നുറപ്പ്.
ഈ ലോകകപ്പിൽ ഏറ്റവും ആവേശവും ആരവവുമുണർത്തുന്ന കളിക്ക് ഒരുനാൾ ബാക്കിയിരിക്കേ, കളിക്കമ്പക്കാരുടെ ആശങ്ക കാലാവസ്ഥയെക്കുറിച്ചാവും. ഭൂരിഭാഗം പരിശീലന മത്സരങ്ങളടക്കം മഴയെടുത്ത ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന് കാലാവസ്ഥ ഭീഷണി വല്ലതുമുണ്ടോ? ക്രിക്കറ്റ് ആരാധകർ ഇതിന് ഉത്തരം തേടുന്ന തിരക്കിലാണ്.
ശ്രീലങ്കയിൽ ഈയിടെ നടന്ന ഏഷ്യ കപ്പിൽ ഇരുനിരയും രണ്ടുതവണ മത്സരിച്ചിരുന്നു. ആദ്യ തവണ മത്സരം മഴയെടുത്തപ്പോൾ രണ്ടാം തവണ ബാബർ അസമിനെയും സംഘത്തെയും ഇന്ത്യ തകർത്തു തരിപ്പണമാക്കിയിരുന്നു. ആ തോൽവിക്ക് പകരം വീട്ടുകയെന്നതിനൊപ്പം, ലോകകപ്പ് വേദിയിൽ ഇതുവരെ ഇന്ത്യയെ കീഴടക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് മായ്ക്കുകയും പാക് ടീം ഉന്നമിടുന്നുണ്ട്. എന്നാൽ, മികച്ച ഫോമിലുള്ള ഇന്ത്യക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.
കാലാവസ്ഥ പ്രവചനം
ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷമേകുന്നതാണ് ശനിയാഴ്ച അഹ്മദാബാദിലെ കാലാവസ്ഥ പ്രവചനം. അക്യൂവെതർ ആപ്പിൽ അഹ്മദാബാദിൽ ഒക്ടോബർ 14ന് മഴ പെയ്യാനുള്ള സാധ്യത പൂജ്യമാണ്. പകൽ സമയത്ത് 35-40 ഡിഗ്രിക്കിടയിലായിരിക്കും താപനില. വൈകീട്ടോടെ ഇത് 26 ഡിഗ്രിയിലെത്തും.
ബാറ്റ്സ്മാന്മാരുടെ പറുദീസയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ബൗളർമാർക്ക് പിന്തുണ നൽകുന്നതു കൂടിയായിരിക്കും മോദി സ്റ്റേഡിയത്തിലെ പിച്ചെന്നാണ് ക്യൂറേറ്റർമാരുടെ അവകാശവാദം. സ്പിന്നർമാർക്കും പേസ് ബൗളർമാർക്കും പിച്ചിൽനിന്ന് സഹായം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.