ഇന്ത്യ-പാക് ട്വന്‍റി20 ലോകകപ്പ് മത്സരം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലാത്തതിനാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ട്വന്‍റി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കിൽ ഇത് പുനഃപരിശോധിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു' -ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഒക്ടോബർ 24ന് ദുബൈയിൽ വെച്ചാണ് ചിരവൈരികളായ പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം.
ജമ്മു കശ്മീരിൽ തദ്ദേശവാസികളല്ലാത്ത തൊഴിലാളികൾക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുൽഗാമിലെ വാൻപോ മേഖലയിലാണ് ബിഹാർ സ്വദേശികളായ രണ്ടുപേരെ തീവ്രവാദികൾ വെടിവെച്ചു കൊന്നത്. രാജ റിഷി, ജോഗിന്ദർ റിഷി എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ പുൽവാമയിലും ശ്രീനഗറിലും സമാന സംഭവം നടന്നിരുന്നു. രണ്ടിടത്തായി രണ്ടുപേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന തദ്ദേശവാസികളല്ലാത്തവരുടെ എണ്ണം 11 ആയി.
ലഖിംപൂർ ഖേരി സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലഖിംപൂർ ഖേരിയിൽ നടത്തിയ കർഷക കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് രാജസ്ഥാനിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മൗനം പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
'കോൺഗ്രസിന്‍റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് കാണുന്നത്. രാജസ്ഥാനിൽ സംവരണ സമുദായ അംഗങ്ങൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുേമ്പാൾ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ വസതിയിൽ ഇരിക്കുകയാണ്. പക്ഷേ അവർ ലഖിംപൂരിൽ പോയി നാടകം കളിക്കുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്' -ഗിരിരാജ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.