ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ഇന്ന്; അന്തിമ ഇലവനിൽ ഇടംതേടി സഞ്ജു
text_fieldsജൊഹാനസ്ബർഗ്: ലോകകപ്പിനു ശേഷം ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന പരമ്പരക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ഇന്ന് വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടക്കും. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ രണ്ട് ട്വന്റി20 പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ആസ്ട്രേലിയയെ 4-1ന് തോൽപിച്ചപ്പോൾ ദക്ഷിണാഫ്രിക്കയോട് 1-1ന് സമനില പിടിച്ചു.
ട്വന്റി20യിൽ സൂര്യകുമാർ യാദവായിരുന്നു നായകനെങ്കിൽ കെ.എൽ. രാഹുലിന് കീഴിലാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡും ടീമിനൊപ്പമില്ല. ഏറെ നാൾക്കുശേഷം സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരിൽ ഒരാൾപോലുമില്ലാതെ കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പരിചയസമ്പന്നരും യുവനിരയും പുതുമുഖങ്ങളുമെല്ലാം ഉൾപ്പെട്ടതാണ് ഇന്ത്യൻ സ്ക്വാഡ്.
രാഹുലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതാദ്യമല്ല ഇറങ്ങുന്നത്. മൂന്ന് ഫോർമാറ്റിലുമായി 13 മത്സരങ്ങളിൽ ബംഗളൂരുകാരൻ ടീമിനെ നയിച്ചപ്പോൾ ഒമ്പതിലും ജയിച്ചു. ഏകദിനത്തിൽ ഒമ്പതിൽ ആറിലെയും ഫലം അനുകൂലമായിരുന്നു. ട്വന്റി20 പരമ്പരകളിൽ തിളങ്ങിയ സൂര്യകുമാറടക്കമുള്ളവർ പക്ഷെ ഏകദിനത്തിനില്ല. ഓപണർമാരായ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, പേസർ മുഹമ്മദ് സിറാജ് എന്നിവർ ഇനി ടെസ്റ്റ് പരമ്പരയിലാണ് കളിക്കുക. മറ്റൊരു മുൻനിര ബാറ്റർ ഋതുരാജ് ഗെയ്ക് വാദ് പരിക്കിന്റെ പിടിയിലായിരുന്നു. ഇന്ന് ഓപണറായി ഋതുരാജുണ്ടാവുമെന്നാണ് അവസാന റിപ്പോർട്ടുകൾ. കൂടെ ആരെന്നത് പ്രസക്തമായ ചോദ്യമാണ്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ പേര് വരെ ഓപണറുടെ റോളിലേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ, സഞ്ജു കളിക്കുന്നുവെങ്കിൽ മധ്യനിരയിലാവുമെന്ന സൂചന ക്യാപ്റ്റൻ രാഹുൽ നൽകിക്കഴിഞ്ഞു.
ശ്രേയസ് അയ്യർക്കും റിങ്കു സിങ്ങിനും തിലക് വർമക്കുമൊപ്പം നവാഗതരായ രജത് പാട്ടിദാർ, ബി. സായ്സുദർശൻ എന്നിവരും മുൻനിരയിലും മധ്യനിരയിലുമായി ഇടംതേടുന്നു. ദീപക് ചാഹറിന്റെ പകരക്കാരൻ ബൗളിങ് ഓൾ റൗണ്ടർ ആകാശ് ദീപാണ് മറ്റൊരു പുതുമുഖം. സിറാജിന് പുറമെ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെയും അഭാവം പേസ് ബൗളിങ്ങിൽ പ്രതിഫലിക്കും.
ഇത് നികത്താൻ അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേഷ് ഖാൻ തുടങ്ങിയവരെയാണ് അണിനിരത്തുന്നത്. കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും അക്സർ പട്ടേലുമടങ്ങിയ സ്പിൻ ഡിപ്പാർട്മെന്റ് ശക്തമാണ്. എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ സംഘത്തിൽ ബാറ്റർമാരായി റസീ വാൻഡെർ ഡസൻ, ഹെൻറിച് ക്ലാസൻ, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ബൗളിങ്ങിൽ കേശവ് മഹാരാജ്, ലിസാഡ് വില്യംസ്, തബ്രെയ്‌സ് ഷംസി തുടങ്ങിയ കരുത്തരുണ്ട്. മത്സരം ഉച്ചക്ക് ഒന്നര മുതൽ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടിദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ആകാശ് ദീപ്.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ടിനിയേൽ ബാർട്ട്മാൻ, നാൻഡ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച് ക്ലാസൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്വായോ, തബ്രെയ്‌സ് ഷംസി, റസീ വാൻഡെർ ഡസൻ, ലിസാഡ് വില്യംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.