പന്തിന്റെ ഇന്ത്യയെ ചേസ് ചെയ്ത് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക; ഏഴ് വിക്കറ്റ് ജയം
text_fieldsന്യൂഡൽഹി: റിഷഭ് പന്തിന്റെ നായകനായുള്ള തുടക്കം തോൽവിയോടെ. ഫിറോസ് ഷാ കോട് ല മൈതാനത്ത് ഒന്നാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതിത്തോറ്റ് ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയിട്ടും റൺചേസിങ്ങിന് പേരുകേട്ട ദക്ഷിണാഫ്രിക്കൻ പട ലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റിന് 211 റൺസാണ് ആതിഥേയർ അടിച്ചുകൂട്ടിയത്. 19.1 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് അതിഥികൾ ഇന്ത്യയെ തോൽപ്പിച്ചത്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി റാസി വാൻഡർ ഡസൻ 46 പന്തുകളിൽ 75 റൺസെടുത്തു. ഡേവിഡ് മില്ലർ 31 പന്തുകളിൽ 64 റൺസുമെടുത്തു. ഇരുവരും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് അപ്രാപ്യമെന് തോന്നിച്ച ലക്ഷ്യം എളുപ്പമാക്കിയത്. 22 റൺസെടുത്ത ക്വിന്റൺ ഡീകോക്കും ടെംബ ബാവുമയും (10), ഡ്വയിൻ പ്രെട്രോറിയസുമാണ് (29) പുറത്തായത്.
ഇന്ത്യക്ക് വേണ്ടി ഓപണർ ഇഷാൻ കിഷൻ 48 പന്തിൽ 11 ഫോറും മൂന്ന് സിക്സുമുൾപ്പെടെ 76 റൺസ് നേടി ടോപ് സ്കോററായി. മറ്റൊരു ഓപണർ ഋതുരാജ് ഗെയ്ക് വാദ് (15 പന്തിൽ 23), ശ്രേയസ് അയ്യർ (27 പന്തിൽ 36), ക്യാപ്റ്റൻ ഋഷഭ് പന്ത് (16 പന്തിൽ 29), ഹർദിക് പാണ്ഡ്യ (12 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ 200 കടന്നു.
ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമക്കായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപണർമാർ സന്ദർശക ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ആദ്യ നാല് ഓവറിൽ പിറന്നത് 35 റൺസ്.
അഞ്ചാം ഓവർ എറിഞ്ഞ വെയിൻ പാർനൽ വിട്ടുകൊടുത്തത് ഒരു റൺമാത്രം. അടുത്ത ഓവറിൽ പക്ഷേ, ഇന്ത്യൻ ബാറ്റർമാർ കണക്ക് തീർത്ത് സ്കോർ 50 കടത്തി. ഏഴാം ഓവറിൽ വീണ്ടും പാർനൽ. ഗെയ്ക് വാദ് മിഡ് വിക്കറ്റിൽ ബവുമക്ക് ക്യാച്ച് നൽകി. ഇന്ത്യ ഒന്നിന് 57. ഗെയ്ക് വാദ് നിർത്തിയിടത്തുനിന്ന് ശ്രേയസ് തുടങ്ങി. മറുഭാഗത്ത് തകർത്താടുകയായിരുന്നു ഇഷാൻ. പത്താം ഓവറിൽ ഇന്ത്യ നൂറുകടന്നിരുന്നു. പിന്നാലെ നേരിട്ട 37ാം പന്തിൽ കേശവ് മഹാരാജിനെ സിക്സറടിച്ച് ഇഷാൻ അർധശതകം പിന്നിട്ടു. ഇടക്കൊന്ന് മന്ദഗതിയിലായെങ്കിലും താളം വീണ്ടെടുത്ത ഓപണർ വെടിക്കെട്ട് തുടർന്നു. 13ാം ഓവറിലെ അവസാന പന്തിൽ ഇഷാനെ ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈകളിലെത്തിച്ച് മഹാരാജാണ് ഈ ഇന്നിങ്സ് അവസാനിപ്പിച്ചത്. സ്കോർ രണ്ടിന് 137. നാലാമനായി ക്യാപ്റ്റൻ പന്തെത്തി. 15 ഓവറിൽ ഇന്ത്യ 150 തികച്ചു. പന്ത്-ശ്രേയസ് കൂട്ടുകെട്ടിന് അധികം ആയുസ്സുണ്ടായില്ല. 17ാം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ്സിനെ പ്രട്ടോറിയസ് ബൗൾഡാക്കുമ്പോൾ സ്കോർ 156. പാണ്ഡ്യയുടെ ഊഴമായി പിന്നെ. ബൗളർമാരെ കണക്കിന് ശിക്ഷിച്ച ഇവർ 19ാം ഓവറിൽ ഇന്ത്യയെ 200 കടത്തി. അവസാന ഓവറിലെ ആദ്യ പന്തിൽ പന്തിനെ വാൻഡർ ഡസൻ പിടിച്ചപ്പോൾ എൻ റിച്ച് നോർജെക്ക് വിക്കറ്റ്. ഒരു റണ്ണുമായി ദിനേശ് കാർത്തിക് പാണ്ഡ്യക്കൊപ്പം പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.