രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 305
text_fieldsകേപ് ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 50.3 ഓവറിൽ 174 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 304 റൺസിന്‍റെ ലീഡുണ്ട്.
34 പന്തിൽ 34 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നാലാം ദിനമായ ബുധനാഴ്ച ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടപ്പെട്ടു. സ്കോർബോർഡ് 32ൽ എത്തിനിൽക്കെ 10 റൺസെടുത്ത ശാർദുൽ ഠാക്കൂറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 74 പന്തിൽ 23 റൺസെടുത്ത കെ.എൽ. രാഹുലിനെ ലുങ്കി എൻഗിഡി പുറത്താക്കി. 79 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ വീരാട് കോഹ്ലിയും മടങ്ങി. 32 ബോളിൽ 18 റൺസാണ് ക്യാപ്റ്റന്‍റെ സമ്പാദ്യം.
64 ബോളിൽ 16 റൺസെടുത്ത ചേതേശ്വർ പൂജാരയും 23 ബോളിൽ 20 റൺസുമായി അജിങ്ക്യ രഹാനെയും മടങ്ങി. തൊട്ടുപിന്നാലെ 17 ബോളിൽ 14 റൺസെടുത്ത രവിചന്ദ്രൻ അശ്വിനും ഋഷഭ് പന്തും ഒരു റൺഡുമായി മുഹമ്മദ് ഷമിയും റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജും മടങ്ങി. മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു സമ്പാദ്യം.
നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ കഗിസോ റബാദ, മാർകോ ജാൻസെൻ എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫിക്കക്ക് കരുത്തായത്. ലുങ്കി എൻഗിഡി രണ്ടു വിക്കറ്റുകൾ നേടി. നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 197 റൺസിന് അവസാനിച്ചിരുന്നു. ഒരു ദിവസം മാത്രം ബാക്കി ദക്ഷിണാഫ്രിക്കൻ താരങ്ങളെ വേഗത്തിൽ മടക്കി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.