സെഞ്ചൂറിയനിൽ ഇന്ത്യക്ക് തകർച്ച; എട്ടു വിക്കറ്റിന് 208; രാഹുലിന് അർധ സെഞ്ച്വറി; റബാദക്ക് അഞ്ചു വിക്കറ്റ്
text_fieldsസെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഒന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 59 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിട്ടുണ്ട്. വെളിച്ചക്കുറവിനെ തുടർന്ന് മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
വലിയ തകർച്ചയെ നേരിട്ട ഇന്ത്യയെ കെ.എൽ. രാഹുലിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ടീം സ്കോർ 200 കടത്താൻ സഹായിച്ചത്. 105 പന്തിൽ 70 റൺസുമായി താരം ക്രീസിലുണ്ട്. റണ്ണൊന്നും എടുക്കാതെ സിറാജാണ് താരത്തിന് കൂട്ട്. കഗിസോ റബാദയുടെ അഞ്ചു വിക്കറ്റ് പ്രകടനാണ് ഇന്ത്യൻ ബാറ്റിങ്ങിനെ തകർത്തത്. നേരത്തെ, ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 11.1 ഓവറിൽ 24 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ തന്നെ ഇന്ത്യയുടെ മൂന്നു മുൻനിര ബാറ്റർമാർ മടങ്ങി. ലോകകപ്പിനുശേഷം ടീമിൽ മടങ്ങിയെത്തിയ നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി.
അഞ്ചു റൺസെടുത്ത താരം കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗറിന് ക്യാച്ച് നൽകി മടങ്ങി. മറ്റൊരു ഓപ്പണർ യശസ്വി ജയ്സ്വാൾ 37 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ശുഭ്മൻ ഗില്ലിനും നിലയുറപ്പിക്കാനായില്ല. രണ്ടു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. സൂപ്പർബാറ്റർ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്. ലഞ്ചിനു പിരിയുമ്പോൾ 26 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു.
പിന്നാലെ 50 പന്തിൽ 31 റൺസെടുത്ത ശ്രേയസിനെ റബാദ ക്ലീൻ ബൗൾഡാക്കി. അധികം വൈകാതെ കോഹ്ലിയും മടങ്ങി. 64 പന്തിൽ 38 റൺസെടുത്ത കോഹ്ലിയും റബാദയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. കോഹ്ലിയും ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. ഒരറ്റത്ത് രാഹുൽ നിലയുറപ്പിച്ചെങ്കിലും ക്രീസിലെത്തിയ മറ്റു താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. 11 പന്തിൽ എട്ടു റൺസെടുത്ത ആർ. അശ്വിനെ റബാദ മടക്കി. ഷാർദൂൽ ഠാക്കൂറാണ് കുറച്ചുനേരത്തേക്കെങ്കിലും രാഹുലിന് പിന്തുണ നൽകിയത്. 33 പന്തിൽ 24 റൺസെടുത്ത ഠാക്കൂറിനെയും റബാദ പുറത്താക്കി. ജസ്പ്രീത് ബുംറ ഒരു റണ്ണെടുത്ത് മടങ്ങി.
പ്രോട്ടീസിനായി നാന്ദ്രെ ബർഗർ രണ്ടും വിക്കറ്റും മാർക്കോ ജാൻസൻ ഒരു വിക്കറ്റും നേടി. പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കു പകരം അശ്വിനാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ടീം ദക്ഷിണാഫ്രിക്ക: ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡെ സോർസി, ടെംബ ബാവുമ (ക്യാപ്റ്റൻ), കീഗൻ പീറ്റേഴ്സൻ, ഡേവിഡ് ബേഡിങ്ങാം, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസൻ, ജെറാൾഡ് കോട്സീ, കഗിസോ റബാദ, നാന്ദ്രെ ബർഗർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.