ഡീൽ എൽഗറിന് സെഞ്ച്വറി (140*); ദക്ഷിണാഫ്രിക്ക അഞ്ചിന് 256; 11 റൺസ് ലീഡ്
text_fieldsസെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക): ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ദിനം വെളിച്ചക്കുറവ് കാരണം കളി നിർത്തിവെക്കുമ്പോൾ ആതിഥേയർ അഞ്ചു വിക്കറ്റിന് 256 റൺസെന്ന നിലയിലാണ്. 140 റൺസുമായി ഡീൻ എൽഗർ ക്രീസിലുണ്ട്. നേരത്തേ, ആദ്യ സെഷനിൽതന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ൽ അവസാനിച്ചു. 70 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച കെ.എൽ. രാഹുൽ (101) സെഞ്ച്വറി തികച്ച് ഇന്ത്യയുടെ ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കക്കുവേണ്ടി ഡേവിഡ് ബെഡിങ്ഹാം അർധശതകവും നേടി.
മഴ കാരണം ഒരു മണിക്കൂറോളം വൈകിയാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. 70 റൺസുമായി രാഹുലും പൂജ്യത്തിൽ മുഹമ്മദ് സിറാജും ക്രീസിലെത്തി. സിറാജ് ചെറുത്തുനിൽപ് തുടർന്നപ്പോൾ രാഹുൽ സ്കോറുയർത്താൻ ശ്രമിച്ചു. കാഗിസോ റബാദയുടെ ഓവറിൽ ഫോറും സിക്സുമടിച്ച് 95ൽ. തൊട്ടടുത്ത ഓവറിൽ സിറാജിനെ (5) ജെറാൾഡ് കോയെറ്റ്സി വിക്കറ്റ് കീപ്പർ കൈൽ വെറെയ്നെ ഏൽപിച്ചു. 238ൽ ഒമ്പതാം വിക്കറ്റ് വീണു. ഇതേ ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് രാഹുൽ ടെസ്റ്റിലെ എട്ടാം ശതകം തികച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയും സെഞ്ചൂറിയനിലാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിൽ ആദ്യ ശതകവും.
ഋഷഭ് പന്തിനുശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറുമായി രാഹുൽ. താമസിയാതെ ഇന്ത്യയുടെയും രാഹുലിന്റെയും പോരാട്ടം അവസാനിച്ചു. 137 പന്തിൽ 14 ഫോറും നാലു സിക്സറുമടങ്ങുന്ന തകർപ്പൻ ഇന്നിങ്സിന് നാന്ദ്രെ ബർഗർ അന്ത്യമിട്ടു. 68ാം ഓവറിലെ നാലാം പന്തിൽ രാഹുൽ ബൗൾഡ്. ആദ്യ ദിനം അഞ്ചു വിക്കറ്റെടുത്ത റബാദക്ക് ഇന്നലെ ഇരകളെയൊന്നും ലഭിച്ചില്ല. ബർഗർ വിക്കറ്റ് നേട്ടം മൂന്നാക്കി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ നാലാം ഓവറിൽ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. ഓപണർ എയ്ഡൻ മർക്രം (5) രാഹുലിന്റെ ഗ്ലൗസിലെത്തുമ്പോൾ സ്കോർ ബോർഡിൽ 11 റൺസ് മാത്രം. പകരക്കാരൻ ടോണി ഡീ സോർസിയെ കൂട്ടിന് നിർത്തി എൽഗർ ടീമിനെ കരകയറ്റി. ഒരു വിക്കറ്റിന് 49ലാണ് ലഞ്ചിന് പിരിഞ്ഞത്. എൽഗർ അർധശതകവും കടന്ന് മുന്നോട്ടുനീങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നക്കത്തിലെത്തി. പിന്നാലെ, ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി. 28 റൺസെടുത്ത സോർസിയെ ജസ്പ്രീത് ബുംറ യശസ്വി ജയ്‍സ്വാളിന്റെ കൈകളിലേക്കയച്ചു. രണ്ടിന് 104. ബുംറയുടെ അടുത്ത ഓവറിൽ ഇന്ത്യക്ക് വീണ്ടും നേട്ടം.
കീഗൻ പീറ്റേഴ്സൻ (2) ബൗൾഡായി. മൂന്നിന് 113. എൽഗറും ബെഡിങ്ഹാമും ചേർന്നതോടെ ഇന്ത്യക്ക് വിക്കറ്റ് വീണ്ടും കിട്ടാക്കനിയായി. ശാർദുൽ ഠാകുറിനെ ബൗണ്ടറിയടിച്ച് എൽഗർ 14ാം ടെസ്റ്റ് ശതകം പൂർത്തിയാക്കി. മൂന്നിന് 194ൽ നിൽക്കെ ചായക്ക്. നാലാം വിക്കറ്റ് സഖ്യം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് കൊണ്ടുപോകവെ ബെഡിങ്ഹാമിന് (56) മടക്കം. അർധ ശതകം നേടിയ താരത്തെ സിറാജ് ബൗൾഡാക്കി. ലീഡിന് ഒരു റൺ അരികിലാണ് നാലാം വിക്കറ്റ് വീണത്. വെറെയ്നെ വിക്കറ്റിന് പിറകിൽ രാഹുൽ ക്യാച്ചെടുത്തപ്പോൾ പ്രസിദ്ധ് കൃഷ്ണക്ക് കന്നി ടെസ്റ്റ് വിക്കറ്റ്. അഞ്ചിന് 249. അധികം കഴിയും മുമ്പേ വെളിച്ചക്കുറവ് വില്ലനായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.