ഇന്ത്യ 211 റൺസിന് പുറത്ത്; സായ് സുദർശനും രാഹുലിനും അർധ സെഞ്ച്വറി; നിരാശപ്പെടുത്തി സഞ്ജു
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.
ഓപ്പണർ സായ് സുദർശന്‍റെയും നായകൻ കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സായി, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർധ സെഞ്ച്വറി നേടുന്നത്. 83 പന്തിൽ 62 റൺസെടുത്ത യുവതാരം ലിസാർഡ് വില്യംസിന്‍റെ പന്തിൽ ക്ലാസന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഒരു സിക്സും ഏഴു ഫോറും താരം നേടി. 64 പന്തിൽ 56 റൺസെടുത്ത രാഹുൽ നാന്ദ്രെ ബർഗറിന്‍റെ പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി.
ഇടവേളക്കുശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 23 പന്തിൽ 12 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഋതുരാജ് ഗെയ്ക്‍വാദ് (നാലു റൺസ്) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീട് ശ്രദ്ധയോടെ പ്രോട്ടീസ് ബൗളർമാരെ നേരിട്ട് തിലക് വർമയും സായിയും ചേർന്ന് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. എന്നാൽ, ബർഗർ എറിഞ്ഞ 12ാം ഓവറിലെ ആദ്യ പന്തിൽ തന്നെ തിലക് പുറത്തായി. 30 പന്തിൽ 10 റൺസെടുത്താണ് താരം മടങ്ങിയത്. ടീം സ്കോർ രണ്ടു വിക്കറ്റിന് 46.
സായിയും രാഹുലും ചേർന്നാണ് ഇന്ത്യയെ നൂറുകടത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 68 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അരങ്ങേറ്റ ഏകദിനം കളിക്കുന്ന റിങ്കു സിങ് 14 പന്തിൽ 17 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേൽ (23 പന്തിൽ ഏഴ്), കുൽദീപ് യാദവ് (അഞ്ചു പന്തിൽ ഒന്ന്), അർഷ്ദീപ് സിങ് (17 പന്തിൽ 18), ആവേശ് ഖാൻ (ഒമ്പത് പന്തിൽ ഒമ്പത്) എന്നിവരും വേഗത്തിൽ മടങ്ങി. നാലു റൺസുമായി മുകേഷ് കുമാർ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റ് വീഴ്ത്തി. മഹാരാജ്, ബ്യൂറാൻ ഹെന്റിക്സ് എന്നിവർ രണ്ടും ലിസാർഡ് വില്യംസ്, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രേയസ് അയ്യർക്ക് പകരമാണ് റിങ്കു പ്ലെയിങ് ഇലവനിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 116 റൺസിന് പുറത്താക്കിയ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു.
ടീം ഇന്ത്യ: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‍വാദ്, സായ് സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.
ടീം ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെന്റിക്സ്, റസി വാൻ ഡർ ഡസൻ, എയ്ഡൻ മർക്രാം (ക്യാപ്റ്റൻ), ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെന്റിക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.