തല്ലിത്തകർത്തു; രണ്ടാം ട്വന്‍റി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
text_fieldsഗുവാഹതി: ബാറ്റെടുത്തിറങ്ങിയവരെല്ലാം ബൗളർമാരെ തല്ലിത്തകർത്തപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റൺസാണ് ഇന്ത്യ നേടിയത്. സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോഹ്ലി (28 പന്തിൽ 49), കെ.എൽ. രാഹുൽ (28 പന്തിൽ 57), ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തിൽ 43) എന്നിവർ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്‍റി20യിലെ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ സ്കോറാണ് ഇന്ന് നേടിയത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യക്ക് ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 22 പന്തിൽ അഞ്ച് വീതം ഫോറും സിക്സറും പറത്തി 61 റൺ നേടിയ സൂര്യകുമാർ യാദവ് 19ാം ഓവറിൽ റണ്ണൗട്ടായെങ്കിലും പകരമെത്തിയ ദിനേശ് കാർത്തിക് ഏഴ് പന്തിൽ 17 റൺസെടുത്ത് സ്കോർ 237ലെത്തിച്ചു. ഒരിക്കൽ കൂടി മികവ് തുടർന്ന വിരാട് കോഹ്ലിക്ക് ഒരു റൺ അകലെ അർധസെഞ്ച്വറി നഷ്ടമായത് മാത്രമാണ് കാണികളെ അൽപമെങ്കിലും നിരാശപ്പെടുത്തിയത്.
നാലോവറിൽ 57 റൺസ് വഴങ്ങിയ കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും തല്ലുകൊണ്ടത്. വെയ്ൻ പാർനൽ നാലോവറിൽ 54 റൺസും ലുൻഗി എൻഗിഡി 49 റൺസും വഴങ്ങി. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് ബോളർമാരിൽ മികച്ചുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.