സഞ്ജു സംപൂജ്യൻ, നിരാശപ്പെടുത്തി മുൻനിര; ദക്ഷിണാഫ്രിക്കക്ക് 125 റൺസ് വിജയലക്ഷ്യം
text_fieldsകെബർഹ: മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കക്കു മുന്നിൽ 125 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. 39* റൺസ് നേടിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഹാർദിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങിയതിനൊപ്പം, അഭിഷേക് ശർമയും നായകൻ സൂര്യകുമാർ യാദവും രണ്ടക്കം കാണാനാകാതെ പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുമ്പ് സഞ്ജുവിനെ നഷ്ടമായി. മാർകോ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സഞ്ജുവിന്റെ ലെഗ് സ്റ്റമ്പ് ഇളകി. രണ്ടാം ഓവറിൽ നാല് റൺസുമായി അഭിഷേകും മടങ്ങി. ജെറാൾഡ് കോട്സീയുടെ പന്തിൽ യാൻസൻ പിടിച്ചാണ് താരം പുറത്തായത്. സ്കോർ 15ൽ നിൽക്കേ ആൻഡിൽ സിമലേൻ ക്യാപ്റ്റൻ സൂര്യയെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഒമ്പത് പന്തിൽ നാല് റൺസാണ് താരത്തിന്‍റെ സംഭാവന.
തിലക് വർമയും (20 പന്തിൽ 20) അക്സർ പട്ടേലും (21 പന്തിൽ 27) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം മുന്നോട്ടുപോയില്ല. തിലകിനെ എയ്ഡൻ മാർക്രം, ഡേവിഡ് മില്ലറുടെ കൈകളിൽ എത്തിച്ചപ്പോൾ അക്സർ പട്ടേൽ റണ്ണൗട്ടായി. ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ ചെറുത്തു നിൽപ്പ് ഇന്ത്യയെ ഓൾഔട്ട് ആകുന്നതിൽനിന്ന് രക്ഷിച്ചു. 45 പന്തിൽ 39 റൺസ് നേടിയ താരം പുറത്താകാതെനിന്നു. റിങ്കു സിങ് ഒമ്പത് റൺസുമായി മടങ്ങിയപ്പോൾ അർഷ്ദീപ് സിങ് ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യക്ക് ഉറപ്പിക്കാനാകും. ആകെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ 61 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്.
പ്ലേയിങ് ഇലവൻ
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽട്ടൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെയ്ൻറിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർകോ യാൻസൻ, ആൻഡിൽ സിമലേൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻക്വാബ പീറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.