വാൺഡറേഴ്സ് ടെസ്റ്റ്; ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് 118 എന്ന നിലയിൽ, ജയിക്കാൻ 122 റൺസ് കൂടി
text_fieldsജൊഹാനസ്ബർഗ്: സന്ദർശകർ ചരിത്രം കുറിക്കാനിറങ്ങിയ വാൺഡറേഴ്സ് മൈതാനത്ത് വിജയം ആർക്കൊപ്പം? ആദ്യ ഇന്നിങ്സിൽ വഴങ്ങിയ ലീഡ് അടുത്ത ഇന്നിങ്സിൽ തിരിച്ചുപിടിച്ച് മോശമല്ലാത്ത ടോട്ടൽ ഉയർത്തിയ ഇന്ത്യക്കെതിരെ അങ്കം കനപ്പിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റിങ്. വിജയത്തിലേക്ക് 240 റൺസുമായി ഇറങ്ങിയ ആതിഥേയർ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ എൽഗാറും (40 റൺസ്), റസീ വാൻ ഡർ ഡസൻ (11) എന്നിവരാണ് ക്രീസിൽ.
മികച്ച തുടക്കം ലഭിച്ചിട്ടും പിൻനിര പതറിയ ഇന്ത്യൻ ഇന്നിങ്സിൽ ശരിക്കും കരുത്തായത് ആറാമനായെത്തിയ ഹനുമ വിഹാരി. മുനകൂർത്ത ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുന്നിൽ മുട്ടുവിറച്ച് ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും നങ്കൂരമിട്ടുനിന്ന വിഹാരി 40 റൺസുമായി പുറത്താകാതെ നിന്നു. അർധ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ (58), ചേതേശ്വർ പൂജാര (53) എന്നിവരാണ് നേരത്തേ ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലെത്താൻ സഹായിച്ചത്. വാലറ്റത്ത് ഷാർദുൽ ഠാകുർ 28 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി റബാദ, എൻഗിഡി, ജാൻസൺ എന്നിവർ മികവു കാട്ടി. 240 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്കായി എൽഗാർ ശരിക്കും ക്യാപ്റ്റന്റെ കളി പുറത്തെടുത്തു. ക്ഷമയോടെ ഇന്ത്യൻ ബൗളിങ്ങിനെ നേരിട്ട താരം സിംഗിളും ഡബിളുമായി പതിയെ കളിച്ചാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. അതിനിടെ ഓപണർ ഐയ്ഡൻ മർക്രം 31 റൺസുമായി ഠാകുറിന് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. കീഗൻ പീറ്റേഴ്സൺ (28) അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.