രണ്ടിലാര്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
text_fieldsക്വെബെർഹ (ദക്ഷിണാഫ്രിക്ക): ആദ്യ കളി പൂർണമായും മഴയെടുത്തതിന് പിന്നാലെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്. യുവനിരയും പരിചിതരും ഒത്തിണങ്ങിയ സൂര്യകുമാർ യാദവിന്റെ സംഘത്തിന് ട്വന്റി20 ലോകകപ്പിന് മുമ്പ് കരുത്തുതെളിയിക്കാനുള്ള അവസരങ്ങളാണിത്. ജൂണിലാണ് ലോകകപ്പെങ്കിലും ഇടക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ വരുകയാണ്.
ലോകകപ്പിന് മുമ്പ് നിലവിലേത് കൂടാതെ ഒരു അന്താരാഷ്ട്ര ട്വന്റി20 പരമ്പര മാത്രമേ ബാക്കിയുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളും നടക്കാനിരിക്കെ വിജയത്തിലൂടെ ആത്മവിശ്വാസം കൂട്ടാനാവും ശ്രമം. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക.
ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും സൂര്യയും സംഘവും ആസ്ട്രേലിയയെ ട്വന്റി20യിൽ 4-1ന് തകർത്തിരുന്നു. ലോകകപ്പ് കളിച്ച മിക്കവർക്കും തുടർന്ന് ഓസീസിനെതിരെ വിശ്രമം നൽകി. ഓപണർ ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് തുടങ്ങിയവരെല്ലാം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ആസ്ട്രേലിയക്കെതിരെ ഓപണർമാരായി തിളങ്ങിയ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, മധ്യനിരയിലെ വെടിക്കെട്ടുകാരൻ റിങ്കു സിങ് എന്നിവർക്ക് വിദേശ മണ്ണിലും മികവ് കാട്ടാനായാൽ ലോകകപ്പ് സംഘത്തിൽ സ്ഥാനം പ്രതീക്ഷിക്കാം. നായകൻ ടെംബ ബാവുമയുടെ അഭാവത്തിൽ എയ്ഡൻ മാർക്രമാണ് ആതിഥേയരുടെ ക്യാപ്റ്റൻ. മുൻനിര ബാറ്റർ ക്വിന്റൺ ഡി കോക്ക്, പേസർ കാഗിസോ റബാദയും തുടങ്ങിയവരും സംഘത്തിലില്ല.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്വായോ, തബ്രായിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.