സഞ്ജു വീണ്ടും സംപൂജ്യൻ! മൂന്നാം ട്വന്റി20യിൽ രണ്ടാം പന്തിൽ ബൗൾഡ്; വിക്കറ്റ് ജാൻസണ്
text_fieldsസെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20യിലും മലയാളി താരം സഞ്ജു സാംസൺ പൂജ്യത്തിന് പുറത്ത്. മാർക്കോ ജാൻസൺ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ താരത്തിന്‍റെ കുറ്റി തെറിച്ചു.
രണ്ടാം ട്വന്‍റി20യിലും ജാൻസന്‍റെ ആദ്യ ഓവറിൽ താരം റണ്ണൊന്നും എടുക്കാതെ ബൗൾഡാകുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി താരം വലിയ പ്രതീക്ഷ നൽകിയിരുന്നു. 2024ൽ രാജ്യാന്തര ട്വന്‍റി20യിൽ അഞ്ചാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് മടങ്ങുന്ന താരമെന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ താരം സ്വന്തമാക്കിയിരുന്നു.
മൂന്ന് തവണ ഡക്കായ യൂസഫ് പഠാൻ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെയാണ് താരം പിന്നിലാക്കിയത്. തുടർച്ചയായി രണ്ട് ട്വന്‍റി20 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നേടിയശേഷമാണ് രണ്ടു മത്സരങ്ങളിൽ താരം പൂജ്യത്തിന് പുറത്താകുന്നത്. നിലവിൽ രണ്ടു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 27 റൺസെടുത്തിട്ടുണ്ട്. അഞ്ചു പന്തിൽ 14 റൺസുമായി അഭിഷേക് ശർമയും നാലു പന്തിൽ 12 റൺസുമായി തിലക് വർമയുമാണ് ക്രീസിൽ.
തുടർച്ചയായ മൂന്നാം ട്വന്‍റി20 മത്സരത്തിലും ടോസ് ഭാഗ്യം തുണച്ച ദക്ഷിണാഫ്രിക്ക, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രമൺദീപ് സിങ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. ആവേശ് ഖാന് പകരമാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ്. പ്രോട്ടീസ് ടീമിലും ഒരു മാറ്റമുണ്ട്. പീറ്ററിനു പകരം ലൂത്തോ സിപംല ടീമിലെത്തി. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര നഷ്ടപ്പെടാതെ നോക്കാം. അത്ര പരിചിതമല്ലാത്ത സൂപ്പർ സ്പോർട്ട് പാർക്ക് മൈതാനത്ത് മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല, കഴിഞ്ഞ കളിയിലെ പ്രകടനമികവ് ആവർത്തിച്ച് പരമ്പരയിൽ ആധിപത്യമുറപ്പിക്കുകയാണ് പ്രോട്ടീസ് ലക്ഷ്യം. 2009നുശേഷം ഈ മൈതാനത്ത് ഒരു ട്വന്റി20 മാത്രമാണ് ഇന്ത്യ കളിച്ചത്. 2018ൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിന് തോൽക്കുകയും ചെയ്തു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.