ദക്ഷിണാഫ്രിക്ക 210ന് പുറത്ത്; ഇന്ത്യക്ക് രണ്ടു വിക്കറ്റ് നഷ്ടം; 70 റൺസ് ലീഡ്
text_fieldsകേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പരയെന്ന ചരിത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ് നൽകി ബുംറയുടെ ബൗളിങ് മാജിക്. ഓപണർമാരെ ആദ്യം മടക്കി ഇന്ത്യൻ ആക്രമണത്തെ മുന്നിൽനിന്നു നയിച്ച താരം വാലറ്റത്ത് രണ്ടു പേരെ കൂടി മടക്കിയാണ് ഇന്ത്യക്ക് 13 റൺസിന്റെ ലീഡ് സമ്മാനിച്ചത്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ രണ്ടുവിക്കറ്റിന് 57 റൺസ് എന്ന നിലയിലാണ്.
ബൗളർമാരെ തുണക്കുന്ന കേപ് ടൗൺ ന്യൂലൻഡ്സ് മൈതാനത്ത് തുടക്കം മുതൽ കരുതലോടെയാണ് പ്രോട്ടീസ് ബാറ്റർമാർ കളിച്ചത്. എന്നിട്ടും ക്യാപ്റ്റൻ എൽഗാറെ മടക്കിയ ബുംറ രണ്ടാം ദിവസം തുടക്കത്തിലേ മർക്രമിനെയും പവലിയനിലെത്തിച്ചു. അതോടെ ഉണർന്ന ആതിഥേയർക്കു വേണ്ടി മൂന്നാമൻ കേശവ് മഹാരാജും കീഗൻ പീറ്റേഴ്സണും ചേർന്ന് ഇന്നിങ്സ് കരകയറ്റുന്ന ദൗത്യം ഏറ്റെടുത്തു. 25ലെത്തിയ കേശവ് ഉമേഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതിനു പിറകെ വാൻ ഡർ ഡസനും ബാവുമയും പീറ്റേഴ്സണ് പിന്തുണ നൽകാൻ ശ്രമിച്ചെങ്കിലും വൈകാതെ മടങ്ങി.
അടുത്തടുത്ത പന്തുകളിൽ ബാവുമയെയും വെരെയ്നെയും മടക്കി മുഹമ്മദ് ഷമി കളി പൂർണമായി ഇന്ത്യയുടെ കൈകളിലെത്തിച്ചു. പിന്നീടെല്ലാം ചടങ്ങു തീർക്കുംപോലെയായി കാര്യങ്ങൾ. മാർകോ ജാൻസണെയും എൻഗിഡിയെയും ബുംറയും റബാദയെ ഷാർദുലും മടക്കി. ഇന്ത്യയുടെ 223നെതിരെ ദക്ഷിണാഫ്രിക്ക 210ന് ഓൾഔട്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ഓപണർമാരായ കെ.എൽ രാഹുൽ 10ഉം മായങ്ക് അഗർവാൾ ഏഴും റൺസെടുത്ത് മടങ്ങി.കളി ഏറ്റെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലി ചേതേശ്വർ പൂജാരയെ കൂട്ടി ഇന്ത്യൻ ഇന്നിങ്സ് കൂടുതൽ തകർച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോയി. കോഹ്ലി 14ഉം പൂജാര ഒമ്പതും റൺസെടുത്ത് ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.