ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 111 റൺസ്; രണ്ടു ദിവസവും എട്ടു വിക്കറ്റും കൈയിൽ
text_fieldsകേപ് ടൗൺ: കൂടെ ബാറ്റുപിടിച്ചെത്തിയവരൊക്കെയും വലിയ ലക്ഷ്യത്തിനരികെ വഴിമറന്ന് തിരിച്ചുനടന്നപ്പോൾ ഒറ്റയാനായി സെഞ്ച്വറിയിലേക്ക് ബാറ്റുവീശി ഋഷഭ് പന്തിന്റെ രക്ഷാദൗത്യം. മറ്റു 10 പേർ മൊത്തത്തിൽ പൂർത്തിയാക്കാത്തതാണ് വിക്കറ്റ് കീപ്പർ കൂടിയായ പന്ത് ഏകദിന ശൈലിയിൽ ഒറ്റക്ക് അടിച്ചെടുത്തത്.
ഇന്ത്യ 198 റൺസിന് എല്ലാവരും പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കക്ക് വിജയ ലക്ഷ്യം 211 റൺസ്. രണ്ടു ദിനം ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അതിഥേയർ 101 റൺസെടുത്തുനിൽക്കുകയാണ്. രണ്ടു വിക്കറ്റിന് 57 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ ചേതേശ്വർ പൂജാര അതിവേഗം മടങ്ങി. രഹാനെയും അതേ വഴി പിന്തുടർന്നു. പിന്നീട് ഒത്തുചേർന്ന കോഹ്ലി-പന്ത് സഖ്യം പിടിച്ചും അടിച്ചും മുന്നേറി.
കോഹ്ലി പതുക്കെ നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെയൊരു കളി പരിചയമില്ലാത്ത പോലെ ഋഷഭ് പന്ത് റൺനിരക്ക് അതിവേഗം മുന്നോട്ടുകൊണ്ടുപോയി. 143 പന്ത് നേരിട്ട കോഹ്ലി 29 റൺസുമായി മടങ്ങുമ്പോൾ പന്ത് പാതി പന്തുകളിൽ ഇരട്ടി റൺസ് പൂർത്തിയാക്കിയിരുന്നു. കോഹ്ലിക്കു ശേഷം പ്രളയമെന്നു തോന്നിച്ച ഘട്ടത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങാതെ മുന്നോട്ടു തുഴയുന്ന ദൗത്യമായിരുന്നു ഋഷഭ് പന്തിന്. ഒരുവശം തളർന്നുപോയ ഇന്ത്യൻ ബാറ്റിങ്ങിന്റെ കടിഞ്ഞാൺ കൈയിൽപിടിച്ച താരം പരമാവധി സ്ട്രൈക് സ്വന്തമാക്കി പ്രോട്ടീസ് ബൗളിങ്ങിനെ നേരിട്ടു.
അതിനിടെ, കൂട്ടുനൽകാനെത്തിയ അശ്വിൻ, ഷാർദുൽ ഠാകുർ, ഉമേഷ് യാദവ്, ഷമി, ബുംറ എന്നിവർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഉമേഷും ഷമിയും സംപൂജ്യരായപ്പോൾ അശ്വിൻ ഏഴും ഷാർദുൽ അഞ്ചും ബുംറ രണ്ടും റൺസാണെടുത്തത്. 100 റൺസ് തൊട്ട് പുറത്താകാതെ നിന്ന പന്തിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 198 റൺസിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ചെറിയ ലക്ഷ്യം അതിവേഗം മറികടന്ന് പരമ്പര പിടിക്കാമെന്ന ആവേശത്തിൽ കളി നയിച്ചു. ഓപണർ ഐഡൻ മർക്രം 16 റൺസെടുത്ത് ഷമിക്ക് വിക്കറ്റ് നൽകി മടങ്ങി. ക്യാപ്റ്റൻ എൽഗാർ 30 റൺസുമായി പുറത്തായി. സ്റ്റമ്പെടുക്കുമ്പോൾ പീറ്റേഴ്സൺ 48 റൺസുമായി ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.