അവസാന ട്വന്‍റി20യിൽ ടോസ് ഭാഗ്യം ഇന്ത്യക്ക്; ആദ്യം ബാറ്റ് ചെയ്യും; ലക്ഷ്യം പരമ്പര
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യക്ക്. നായകൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്സിൽ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന സൂചനകളുമായിട്ടായിരുന്നു മൂന്നാം ട്വന്റി20യിൽ സെഞ്ചൂറിയനിൽ ഇന്ത്യൻ വിജയം. ആദ്യ മത്സരത്തിൽ സെഞ്ച്വറിയുമായി ഞെട്ടിക്കുകയും പിന്നീട് രണ്ടു കളികളിലും മാർകോ ജാൺസന്‍റെ പന്തിൽ പൂജ്യത്തിന് ക്ലീൻ ബൗൾഡാകുകയും ചെയ്ത സഞ്ജു സാംസണാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
ട്വന്റി20 കരിയറിലെ കന്നി സെഞ്ച്വറി കുറിച്ച തിലക് വർമ 56 പന്തിൽ 107 റൺസ് നേടി പുറത്താകാതെ നിന്നതാണ് കഴിഞ്ഞ മത്സരത്തിലെ ഹൈലൈറ്റ്. 25 പന്തിൽ അർധ സെഞ്ച്വറി കുറിച്ച അഭിഷേക് ശർമക്കൊപ്പം മികച്ച തുടക്കം കുറിച്ച തിലക് അവസാന പന്തുവരെയും പിടിച്ചുനിന്ന് ഇന്ത്യൻ ബാറ്റിങ്ങിന്റെ കപ്പൽ ഉലയാതെ നിർത്തി. മധ്യനിര ബാറ്റിങ് വീണ്ടും പതറിയ ദിനത്തിൽ അരങ്ങേറ്റം ഗംഭീരമാക്കി രമൺദീപ് സിങ് ആണ് സ്കോർ 200 കടത്തിയത്. ആറു പന്തിൽ 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെ വീഴ്ത്തി കിരീടം ചൂടിയ ഓർമകളുറങ്ങുന്ന വേദിയാണ് വാണ്ടറേഴ്സ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്വന്റി20 കരിയറിൽ കന്നി സെഞ്ച്വറി കുറിച്ചതും ഇവിടെ വെച്ചാണ്. പ്രതീക്ഷകളേറെ ബാക്കി നൽകുന്ന ഇവിടെ വിജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ റിങ്കു സിങ്ങിന്റെ മോശം ഫോമാണ് പരിശീലകൻ വി.വി.എസ് ലക്ഷ്മണിനെ ഏറെ ആകുലപ്പെടുത്തുന്നത്. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ റിങ്കുവിന്റെ സമ്പാദ്യം 28 റൺസ് മാത്രമാണ്.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.