തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് വിജയലക്ഷ്യം 107
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ആദ്യ ടി-20യിൽ ഇന്ത്യക്ക് വിജയലക്ഷ്യം 107 റൺസ്. ആദ്യം ബാറ്റ് ചെയ്ത് വൻ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ 4.4 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എടുത്തിട്ടുണ്ട്.
ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കിയ അര്‍ഷദീപ് സിങ്ങും ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്നാണ് പേരു കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹാറും പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മഹാരാജ് 41 റണ്‍സെടുത്തു.
ഒന്നാം ഓവറില്‍ ടെംബാ ബാവുമയുടെ കുറ്റി തെറിപ്പിച്ച് ദീപക് ചഹാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറില്‍ മൂന്ന് ബാറ്റര്‍മാരെ കൂടാരം കയറ്റിയ അര്‍ഷദീപ് സിങ് കൊടുങ്കാറ്റാവുന്ന കാഴ്ചയാണ് പിന്നീട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കണ്ടത്. രണ്ടാം പന്തില്‍ ക്വിന്‍റണ്‍ ഡീകോക്കിനെ ക്ലീന്‍ ബൌള്‍ഡാക്കിയ അര്‍ഷദീപ് അഞ്ചാം പന്തില്‍ റിലി റോസോയേയും തൊട്ടടുത്ത പന്തില്‍ ഡേവിഡ് മില്ലറേയും കൂടാരം കയറ്റി. കാര്യങ്ങള്‍ അവിടം കൊണ്ടവസാനിച്ചില്ല മൂന്നാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ അര്‍ഷദീപിന്‍റെ കയ്യിലെത്തിച്ച ചാഹര്‍ ഒമ്പതിന് അഞ്ച് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ കൂപ്പുകുത്തിച്ചു. മൂന്ന് ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്.
വന്‍തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റാന്‍ എയ്ഡന്‍ മാര്‍ക്രവും വെയിന്‍ പാര്‍നലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം എട്ടാം ഓവറില്‍ അവസാനിച്ചു. ഹര്‍ഷല്‍ പട്ടേലിന് മുന്നില്‍ മാര്‍ക്രം വീണു. 24 പന്തില്‍ 25 റണ്‍സ് എടുത്താണ് മാര്‍ക്രം മടങ്ങിയത്.
പിന്നീട് കേശവ് മഹാരാജിനെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്കയെ കരകയറ്റാന്‍ വെയിന്‍ പാര്‍നലിന്‍റെ ശ്രമം. പതിനാറാം ഓവറില്‍ പാര്‍നലിന്‍റെ പോരാട്ടം അക്സര്‍ പട്ടേല്‍ അവസാനിപ്പിച്ചു. 37 പന്ത് നേരിട്ട പാര്‍നല്‍ 24 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 100 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.