ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിനും മഴ ഭീഷണി; റിസർവ് ദിനത്തിലും മത്സരം നടന്നില്ലെങ്കിലോ?
text_fieldsബ്രിഡ്ജ് ടൗൺ: ഇന്ത്യ ലക്ഷ്യമിടുന്നത് ട്വന്‍റി20 ലോകകപ്പിലെ രണ്ടാം കിരീടമാണെങ്കിൽ, ദക്ഷിണാഫ്രിക്ക കന്നികിരീടവും. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയാണ് ജേതാക്കളായത്. 2014 ലോകകപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ശ്രീലങ്കയോട് പരാജയപ്പെട്ടു.
പ്രോട്ടീസ് ആദ്യമായാണ് ട്വന്‍റി20 ലോകകപ്പ് ഫൈനൽ കളിക്കുന്നത്. ബ്രിഡ്ജ് ടൗണിലെ കെൻസിങ് ടൗൺ ഓവലിൽ ശനിയാഴ്ച രാത്രി എട്ടിനാണ് മത്സരം. ഇരുടീമുകളും ഗ്രൂപ്പ് മത്സരങ്ങളിലടക്കം തോൽവി അറിയാതെയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വരുന്നതെങ്കിൽ, അട്ടിമറിവീരന്മാരായ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകർത്താണ് പ്രോട്ടീസിന്‍റെ ഫൈനൽ പ്രവേശനം.
ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും അവസാനമാകുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും. 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ഒരു പ്രധാന ടൂർണമെന്‍റിൽ കിരീടം സ്വന്തമാക്കാനായിട്ടില്ല. എന്നാൽ, ഫൈനൽ മത്സരവും മഴ ഭീഷണിയിലാണ്. ശനിയാഴ്ച കെൻസിങ് ടൗൺ ഓവലിൽ 99 ശതമാനം മേഘാവൃതമായ അന്തരീക്ഷത്തിനും മഴക്കും സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ പ്രവചനം. രാവിലെ ശക്തമായ കാറ്റും ഇടവിട്ട മഴയും ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയും പ്രവചിക്കുന്നുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് സെമി മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച ഫൈനൽ മത്സരം നടത്താനായില്ലെങ്കിൽ റിസർവ് ദിനമായ ഞായറാഴ്ച നടത്തും. അന്നും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. 57 ശതമാനം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. രണ്ടുദിവസവും മത്സരം നടത്താനായില്ലെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
സെമിയിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയ ടീമിനെ നായകൻ രോഹിത് ശർമ ഏറെ പ്രശംസിച്ചു. ‘ഈ മത്സരം ജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒറ്റക്കെട്ടായി ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അത് പോലെ ഈ കളി ജയിക്കുക എന്നത് എല്ലാവരുടെയും വലിയ സ്വപ്നമായിരുന്നു. ഞങ്ങൾ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു, അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും’ -രോഹിത് മത്സരശേഷം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.