അടി, തിരിച്ചടി; ഒന്നാംദിനം വീണത് 23 വിക്കറ്റുകൾ
text_fieldsകേപ്ടൗൺ: അടിമുടി നാടകീയമായിരുന്നു ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം. രണ്ട് ഇന്നിങ്സിലുമായി ദക്ഷിണാഫ്രിക്കയുടെ 13 വിക്കറ്റും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ പത്ത് വിക്കറ്റും ഉൾപ്പെടെ 23 വിക്കറ്റുകളാണ് അദ്യ ദിനം വീണത്.
മുഹമ്മദ് സിറാജിന്റെ തീപാറും പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽകാനാകാതെ ഒന്നിന് പിറകെ ഒരോന്നായി ബാറ്റർമാർ കൂടാരം കയറിപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 55 റൺസിൽ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അവരുടെ ഏറ്റവും ചെറിയ സ്കോറായിരുന്നു അത്.
എന്നാൽ, മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ, കിട്ടിയ മുൻതൂക്കം മുതലാക്കാനാവാതെ വന്നതോടെ 153 റൺസിൽ ഇന്ത്യയും അടിയറവ് പറഞ്ഞു. നാലിന് 153 എന്ന ഭേതപ്പെട്ട നിലയിൽ നിന്ന് അതീവ നാടകീയമായാണ് ഒരു റൺസ് പോലും ചേർക്കാനാകാതെയാണ് ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും മടങ്ങിയത്. 46 റൺസെടുത്ത വിരാട് കോഹ്ലിയാണ് ടോപ് സ്കോറർ.
98 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ 45 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി കളി ഇന്ത്യയുടെ വരുതിയിലാക്കി. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തിട്ടുണ്ട്. 36 റൺസെടുത്ത് ഒാപണർ എയ്ഡൻ മാർക്രവും ഏഴു റൺസെടുത്ത് ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസിൽ. ക്യാപ്റ്റൻ ഡീൻ എൽഗർ (12), ടോണി ഡി സോർസി (1), ട്രിസ്റ്റൻ സ്റ്റബ്സ്(1) എന്നിവരാണ് പുറത്തായത്. മുകേഷ് കുമാർ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
കേപ്ടൗണിൽ ഇതു രണ്ടാം തവണയാണ് ടെസ്റ്റിൽ ഒരു ദിനം 23 വിക്കറ്റ് വീഴുന്നത്. 2011ൽ ദക്ഷിണാഫ്രിക്ക- ആസ്ട്രേലിയ മത്സരത്തിൽ 23 വിക്കറ്റുകൾ ആദ്യദിനം വീണിരുന്നു. ടെസ്റ്റിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിക്കറ്റ് വീണ മത്സരം 1988ൽ ഇംഗ്ലണ്ട് -ആസ്ട്രേലിയ മത്സരമാണ്. 27 വിക്കറ്റുകളാണ് വീണത്.
ദക്ഷിണാഫ്രിക്ക വീണത് ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിൽ
കേപ്ടൗൺ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഓപണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.
17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിനെ യശസ്വി ജയ്സ്വാളിനെയും തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോടെ സിറാജിന്റെ വിക്കറ്റ് നേട്ടം ആറായി. മൂന്ന് റൺസെടുത്ത കേശവ് മഹാരാജിനെ മുകേഷ് കുമാറിന്റെ പന്തിൽ ബുംറ പിടികൂടി.
നാല് റൺസെടുത്ത നാന്ദ്രെ ബർഗർ ജയ്സ്വാളിന് മൂന്നാം ക്യാച്ച് നൽകി മടങ്ങി. ബുംറക്കായിരുന്നു വിക്കറ്റ്. അഞ്ച് റൺസെടുത്ത കഗിസൊ റബാദയെ മുകേഷ് കുമാറിന്റെ പന്തിൽ ശ്രേയസ് അയ്യരും പിടികൂടിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും വിരാമമായി. റൺസൊന്നുമെടുക്കാതെ ലുംഗി എംഗിഡി പുറത്താകാതെനിന്നു. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെ മടക്കിപ്പോൾ ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.
ഗംഭീരമായി തുടങ്ങി; നാടകീയമായി ഒടുങ്ങി
ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ ചുരുട്ടിക്കെട്ടിയ ആത്മവിശ്വസവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യനിരയും വാലറ്റവും അപ്രതീക്ഷിത തിരിച്ചടിയിൽ തകർന്നടിഞ്ഞതോടെ നിരാശരാവേണ്ടി വന്നു. നാല് വിക്കറ്റിന് 153 റൺസ് എന്ന നിലയിൽ നിന്ന് ഒരു റൺസ് പോലും ചേർക്കാനാകാതെ ഇന്ത്യയുടെ ആറ് ബാറ്റർമാർ കൂടാരം കയറി. അവസാനത്തെ അഞ്ച് പേരും സംപൂജ്യരായി മടങ്ങി.
ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മേൽ മുഹമ്മദ് സിറാജിന്റെ സംഹാര താണ്ഡവത്തിന് ശേഷം ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നിലയുറപ്പിക്കും മുൻപെ ഓപണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. കരുതലോടെ ബാറ്റേന്തിയ നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസിൽ നിൽക്കെ രോഹിത് പുറത്തായി. തുടർന്നെത്തിയ വിരാട് കോഹ്ലി ഗില്ലിന് കൂട്ടായി മികച്ച ഗംഭീര ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ചെങ്കിലും സ്കോർ 105ൽ നിൽകെ ശുഭ്മാൻ ഗിൽ (36) പുറത്തായി. അടുത്ത ഓവറിൽ തന്നെ ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങി.
തുടർന്നെത്തിയ കെ.എൽ.രാഹുൽ കോഹ്ലിക്ക് ഉറച്ച പിന്തുണയായി ക്രീസിൽ ഉറച്ചെങ്കിലും സ്കോർ ചലിപ്പിക്കാൻ പാടുപെട്ടു. നാലിന് 153 റൺസ് എന്ന നിലയിൽ നിൽക്കെ രാഹുൽ പുറത്തായി. 33 പന്തിൽ എട്ടു റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നീടാണ് ഇന്ത്യ സ്വപ്നത്തിൽപോലും കരുതാത്തൊരു തകർച്ചയുണ്ടാകുന്നത്. 59 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 46 റൺസുമായി വിരാട് കോഹ്ലി ക്രീസിലുണ്ടായിരുന്നെങ്കിലും തുടർന്നെത്തിയ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും റൺസൊന്നും എടുക്കാതെ മടങ്ങി.
തൊട്ടടുത്ത ഓവറിൽ ഒരു റൺസ് പോലും അധികം ചേർക്കാനാകാതെ വിരാട് കോഹ്ലിയും (46) മടങ്ങി. അതേ ഓവറിൽ സിറാജ് (0) റണ്ണൗട്ടായി. അടുത്ത പന്തിൽ പ്രസിദ്ധ് കൃഷ്ണയും (0) മടങ്ങി. പന്തുകൾ നേരിടാനാകാതെ മുകേഷ് കുമാർ മാത്രമായിരുന്നു ക്രീസിൽ. കാഗിസോ റബാദ, ലുൻഗി എൻഗിഡി, നാന്ദ്രെ ബർഗർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.