ഇന്ത്യ Vs ദക്ഷിണാഫ്രിക്ക അൺബോക്സിങ് ഡേ; ഒന്നാം ടെസ്റ്റിന് നാളെ തുടക്കം
text_fieldsസെഞ്ചൂറിയൻ: ഏകദിന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ സീനിയർ താരങ്ങളടങ്ങുന്ന ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക്. ബോക്സിങ് ഡേ എന്നറിയപ്പെടുന്ന ക്രിസ്മസ് പിറ്റേന്നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയിലെത്തി ട്വന്റി പരമ്പര സമനിലയിൽ പിടിക്കുകയും ഏകദിനത്തിൽ 2-1 ജയം നേടുകയും ചെയ്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തുടങ്ങിയവരുടെ സാന്നിധ്യം കരുത്തുപകരം. ഇടവേളക്ക് ശേഷം നായകൻ ടെംബ ബാവുമ ആതിഥേയനിരയിലും തിരിച്ചെത്തിയിട്ടുണ്ട്.
മത്സരം നടക്കുന്ന സൂപ്പർ സ്പോർട്ട് പാർക്കിലും സമീപപ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. പിച്ച് തുടക്കത്തിൽ ബാറ്റർമാർക്ക് ദുഷ്കരമാവുമെന്നും പേസർ ബൗളർമാർക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും ക്യൂറേറ്റർ ബ്രെയിൻ ബ്ലോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ലോകകപ്പിൽ തിളങ്ങിയ മുഹമ്മദ് ഷമി പരിക്ക് കാരണം പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. എങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരുണ്ട്. മേൽപറഞ്ഞവരിൽ ആദ്യ രണ്ടുപേരുടെ സ്ഥാനം ഉറപ്പാണ്. മുകേഷ്, പ്രസിദ്ധ് എന്നിവരിലൊരാളെയും ശാർദുൽ താക്കൂറിനെയും പരീക്ഷിക്കാനും പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നറും ഓൾ റൗണ്ടറുമായ രവിചന്ദ്രൻ അശ്വിൻ പുറത്തായേക്കും. സ്പിന്നറുടെ റോൾ പൂർണമായും ഓൾ റൗണ്ടർ രവീന്ദ്ര ജദേജ നിർവഹിക്കേണ്ടിവരും.
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. കാഗിസോ റബാഡ, ലുൻഗി എൻഗിഡി, മാർകോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി എന്നിവരുടെ പേസിന് മുമ്പിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായാൽ മത്സരം അനുകൂലമാക്കാം. കേശവ് മഹാരാജാണ് ഇവരുടെ സ്പിന്നിലെ തുറുപ്പ് ചീട്ട്. ടെംബ ബാവുമ, എയ്ഡൻ മാർക്രം, ഡീൻ എൽഗാർ, ഏകദിന പരമ്പരയിൽ തിളങ്ങിയ ടോണി ഡി സോർസി തുടങ്ങിയവർ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങിലും കരുത്തുപകരാനുണ്ട്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്ന് മുതൽ കേപ് ടൗണിൽ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ, ശ്രീകർ ഭരത്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർക്രം, ഡീൻ എൽഗർ, ടോണി ഡി സോർസി, കീഗൻ പീറ്റേഴ്സൺ, ഡേവിഡ് ബെഡിംഗ്ഹാം, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, മാർകോ ജാൻസെൻ, കേശവ് മഹാരാജ്, വിയാൻ മൾഡർ, ലുൻഗി എൻഗിഡി, കാഗിസോ റബാഡ, ട്രിസ്റ്റൻ സ്റ്റബ്സിൻ, കൈൽ വെർബ്സിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.