91 റൺസിന് ലങ്കയെ തകർത്തു; ഇന്ത്യക്ക് പരമ്പര
text_fieldsരാജ്കോട്ട്: കഴിഞ്ഞ ദിവസം മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടും ടീമിനെ ജയത്തിലെത്തിക്കാൻ കഴിയാതെ പോയതിന്റെ നിരാശ ഇന്ത്യൻ ഉപനായകൻ സൂര്യകുമാർ യാദവ് ശനിയാഴ്ച തീർത്തു. ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ സെഞ്ച്വറിയുമായി സൂര്യ നിറഞ്ഞാടിയപ്പോൾ ആതിഥേയർക്ക് 91 റൺസ് ജയവും 2-1ന് പരമ്പരയും.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 228 റൺസാണ് അടിച്ചുകൂട്ടിയത്. ലങ്ക 16.4 ഓവറിൽ 137 റൺസിന് പുറത്തായി. 51 പന്തിൽ ഏഴു ഫോറും ഒമ്പതു സിക്സും പറത്തി അപരാജിതനായി സൂര്യ 112 റൺസ് നേടി. താരത്തിന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയാണിത്. 36 പന്തിൽ 46 റൺസെടുത്ത ഓപണർ ശുഭ്മാൻ ഗില്ലും 16 പന്തിൽ 35 റൺസ് നേടിയ രാഹുൽ ത്രിപാഠിയും ഒമ്പതു പന്തിൽ 21 റൺസെടുത്ത് പുറത്താവാതെ നിന്ന അക്സർ പട്ടേലും മികച്ച പിന്തുണ നൽകി.
കളി തുടങ്ങി ദിൽഷൻ മധുശങ്ക എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നതാണ് കണ്ടത്. നാലാം പന്തിൽ ഇഷാൻ കിഷനെ (ഒന്ന്) ധനഞ്ജയ ഡീ സിൽവ പിടിച്ചു. സ്കോർ ബോർഡിൽ അപ്പോൾ മൂന്നു റൺസ് മാത്രം.
തുടർന്നെത്തിയ രാഹുൽ ത്രിപാഠി ആളിക്കത്തിയതോടെ ഇന്ത്യ മുന്നോട്ടുകുതിച്ചു. ആറാം ഓവറിൽ ത്രിപാഠി മധുശങ്കക്ക് ക്യാച്ചും കരുണരത്നെക്ക് വിക്കറ്റും നൽകി മടങ്ങുമ്പോൾ ഇന്ത്യ രണ്ടിന് 52. അഞ്ചു ഫോറും രണ്ടു സിക്സും ചേർന്നതായിരുന്നു ത്രിപാഠിയുടെ 35 റൺസ്.
മറുതലക്കലുണ്ടായിരുന്ന ഓപണർ ശുഭ്മാൻ ഗില്ലിന് കൂട്ടായെത്തിയത് സൂര്യകുമാർ. കഴിഞ്ഞ കളിയിൽ നിർത്തിയയിടത്തുനിന്നാണ് സൂര്യ തുടങ്ങിയത്. ഗില്ലിനെ കാഴ്ചക്കാരനാക്കി തകർത്തടിച്ചതോടെ 11ാം ഓവറിൽ ഇന്ത്യ മൂന്നക്കം കടന്നു.
നേരിട്ട 26ാം പന്തിൽ സൂര്യയുടെ അർധശതകമെത്തി. തീക്ഷ്ണയെറിഞ്ഞ 14ാം ഓവറിൽ പിറന്നത് 23 റൺസ്. സ്കോർ 150ഉം കടന്നു മുന്നോട്ട്. വാനിന്ദു ഹസരങ്ക ഡീ സിൽവയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15ാം ഓവറിൽ ഗില്ലിനെ വാനിന്ദു ക്ലീൻ ബൗൾഡാക്കി. രണ്ടു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെട്ടതായിരുന്നു ഗില്ലിന്റെ പ്രകടനം. ഇന്ത്യ മൂന്നിന് 163. നാലു പന്തിൽ നാലു റൺസെടുത്ത പാണ്ഡ്യയെ കസുൻ രജിത മടക്കി.
ബൗണ്ടറിയുമായി അക്കൗണ്ട് തുറന്ന ദീപക് ഹൂഡയെ (നാല്) മധുശങ്ക പുറത്താക്കുമ്പോൾ ഇന്ത്യ 16.4 ഓവറിൽ അഞ്ചിന് 189. അക്സറിനെ കൂട്ട് നിർത്തി സൂര്യകുമാർ ശതകത്തിലേക്ക് നീങ്ങി, ടീം ടോട്ടൽ 200ലേക്കും. 18 ഓവറിൽ ഇന്ത്യ 200 കടന്നു. 19ാം ഓവറിലെ ആദ്യ പന്തിൽ സൂര്യയുടെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയെത്തി. നേരിട്ട 45ാം പന്തിലായിരുന്നു ഇത്. അപ്പുറത്ത് അക്സറും കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി കത്തിക്കയറി. നാലു ഫോറടക്കമാണ് അക്സർ 21 റൺസെടുത്തത്. മൂന്നു ട്വന്റി20 സെഞ്ച്വറി നേരിടുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബാറ്ററാണ് സൂര്യ. നാലു തവണ മൂന്നക്കം തികച്ച രോഹിത് ശർമയാണ് ലോകത്തുതന്നെ ഒന്നാമൻ.
മറുപടിയിൽ ലങ്കൻ ഓപണർമാർ നന്നായി തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റുകൾ മുറക്ക് വീണു. 23 വീതം റൺസെടുത്ത കുശാൽ മെൻഡിസും ക്യാപ്റ്റൻ ദാസുൻ ശാനകയുമാണ് ഇവരുടെ ടോപ് സ്കോറർമാർ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.