'രക്ഷകനായി ചഹാർ'; രണ്ടാം ഏകദിനത്തിലും ലങ്കയെ തകർത്ത് ഇന്ത്യക്ക് പരമ്പര
text_fieldsശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിെൻറ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ. തോൽക്കുമെന്നുറപ്പിച്ച മത്സരം തിരികെയെത്തിച്ചത് ദീപക് ചഹാറിെൻറ രക്ഷാപ്രവർത്തനം. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസായിരുന്നു എടുത്തത്. എന്നാൽ, അവസാന ഒാവർ വരെ നീണ്ട മറുപടി ബാറ്റിങ്ങിൽ വാലറ്റക്കാരാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 49.1 ഒാവറുകളിൽ ഏഴ് വിക്കറ്റുകളുടെ നഷ്ടത്തിൽ 277 റൺസാണ് ഇന്ത്യയെടുത്തത്. ഒരു ഘട്ടത്തിൽ 193 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ദീപക് ചഹാർ (82 പന്തിൽ 69) ഭുവനേശ്വർ കുമാറിനെ (28 പന്തിൽ 19) കൂട്ടുപിടിച്ച് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് (44 പന്തിൽ 53), ക്യാപ്റ്റൻ ശിഖർ ധവാൻ (38 പന്തിൽ 29), മനീഷ് പാണ്ഡെ (31 പന്തിൽ 37), കൃണാൽ പാണ്ഡ്യ (54 പന്തിൽ 35) എന്നിവരും പൊരുതി. അതോടെ തുടർച്ചയായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യൻ യുവനിര ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ചഹാറിന് ഇത് ഏകദിനത്തിലെ കന്നി അർധ സെഞ്ച്വറിയാണ്. കരിയറിലെ രണ്ടാമത്തെ ഏകദിനത്തിൽ അർധസെഞ്ച്വറിയടിച്ച് ഇന്ന് സൂര്യകുമാർ യാദവും ശ്രദ്ധേയനായി.
ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരംഗ 10 ഓവറിൽ 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കസൂണ്‍ രജിത, ലക്ഷൻ സന്ദാകൻ, ദസൂൺ ഷാനക എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കക്ക് വേണ്ടി മധ്യനിര ബാറ്റ്സ്മാൻ ചാരിത് അസലങ്ക (68 പന്തിൽ 65), ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (50) എന്നിവരാണ് തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.