മൂന്നാം നാൾ ലങ്കാദഹനം; ലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
text_fieldsബംഗളൂരു: മൂന്നാം നാളിനപ്പുറത്തേക്ക് ഇത്തവണയും ശ്രീലങ്കൻ പോരാട്ടത്തിന് ആയുസ്സുണ്ടായില്ല. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര സമയം പാതി ബാക്കിനിൽക്കെ രോഹിത് ശർമയും കൂട്ടരും തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ 238 റൺസിനാണ് ജയം. ലോക ചാമ്പ്യൻഷിപ് പട്ടികയിൽ ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കുയർന്നു. ജൂണിൽ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കാൻ പക്ഷേ, കരുത്തർക്കെതിരെ വിജയം വരിക്കാനാകണം. സ്കോർ: ഇന്ത്യ 252 & 303/9, ശ്രീലങ്ക: 109 & 208.
ബംഗളൂരു ചിന്നസ്വാമി മൈതാനത്ത് ഇറങ്ങുംമുമ്പേ എല്ലാം തീരുമാനമായെന്ന ആധി പുറത്തുകാട്ടാതെയായിരുന്നു മൂന്നാം നാൾ ലങ്കൻ പോരാട്ടം. ഒരു വിക്കറ്റിന് 28 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ടീമിനെ തുറിച്ചുനോക്കി മുന്നിലുണ്ടായിരുന്നത് 447 എന്ന അസാധ്യ വിജയലക്ഷ്യം. ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ തകർത്തെറിഞ്ഞ് ജസ്പ്രീത് ബുംറയും സംഘവും നയിക്കുന്ന ഇന്ത്യൻ ആക്രമണവും.
സെഞ്ച്വറി നേട്ടവുമായി കോട്ട കാത്ത് ദിമുത് കരുണരത്നെ പിടിച്ചുനിന്നതൊഴിച്ചാൽ ചിന്നസ്വാമി മൈതാനത്ത് എല്ലാം ആതിഥേയർ ഇച്ഛിച്ചപോലെ സംഭവിച്ചു. കരുണരത്നെ-കുശാൽ മെൻഡിസ് കൂട്ടുകെട്ട് ടീം ഇന്നിങ്സ് അൽപം മുന്നോട്ടുകൊണ്ടുപോയെങ്കിലും സ്കോർ 97ൽ നിൽക്കെ മെൻഡിസിന്റെ വിക്കറ്റു വീണു. ഒരു റൺ അധികം ചേർക്കുന്നതിനിടെ ആഞ്ചലോ മാത്യൂസും മടങ്ങി. പിൻഗാമികളിൽ നിരോഷൻ ഡിക്വെല ഒഴികെ ആരും രണ്ടക്കം തികച്ചുമില്ല. അതിനിടെ, ഒറ്റയാനായി പിടിച്ചുനിന്ന കരുണരത്നെ സെഞ്ച്വറി തികച്ചെങ്കിലും ലങ്കൻ പോരാട്ടത്തിന് പിടിച്ചുനിൽക്കാനാകില്ലെന്ന് ഉറപ്പായിരുന്നു. വലിയ ഇന്നിങ്സ് സ്വപ്നം കണ്ട ലങ്കൻ പോരാട്ടം 208 റൺസിൽ അവസാനിച്ചു. ഒമ്പത് ഓവർ മാത്രമെറിഞ്ഞ് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു വീണ്ടും ഇന്ത്യൻ ആക്രമണത്തിൽ മുന്നിൽ. അഞ്ചു വിക്കറ്റ് പിഴുത് ബുംറ മാരക ഫോം കാട്ടിയ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 109 റൺസിലൊതുങ്ങിയിരുന്നു. അശ്വിൻ 19.3 ഓവറിൽ 55 റൺസ് വിട്ടുനൽകി നാലു വിക്കറ്റെടുത്തു. അക്സർ പട്ടേൽ രണ്ടും രവീന്ദ്ര ജദേജ ഒന്നും വിക്കറ്റെടുത്തു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം മുതൽ ചിത്രത്തിൽ ഇന്ത്യ മാത്രമായിരുന്നതാണ് മൂന്നു ദിവസം പൂർത്തിയാക്കുന്നതിനിടെ വിധിയെഴുത്തായത്.
ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയും പുറത്തായ ഇന്ത്യൻ നിരയിൽ ഇടമുറപ്പിച്ച ഹനുമ വിഹാരിയും ശ്രേയസ് അയ്യരും കൂടുതൽ കരുത്തുകാട്ടിയത് പ്രതീക്ഷയായി. ബൗളിങ്ങിൽ എതിരാളികളെ നിലംതൊടാൻ വിടാതെ ഓരോ താരവും മികവുകാട്ടിയതും തുടർന്നുള്ള നാളുകളിൽ ഇന്ത്യക്ക് കരുത്താകും. രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി കടന്ന ശ്രേയസ് അയ്യരാണ് കളിയിലെ താരമെങ്കിൽ ബാറ്റെടുത്തും വിക്കറ്റിനു പിന്നിലും ഒരേ താളം കാട്ടിയ ഋഷഭ് പന്താണ് പരമ്പരയുടെ കളിക്കാരൻ. 100ാം ടെസ്റ്റിനിറങ്ങിയ മുൻ നായകൻ വിരാട് കോഹ്ലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റും മൂന്നു നാളിൽ ഇന്ത്യ തീർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.