വാഷിങ്ടൺ സുന്ദറിന് മൂന്നു വിക്കറ്റ്; ലങ്കക്കെതിരെ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം
text_fieldsകൊളംബോ: രണ്ടാം ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു.
ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റ് നേടി. ഓപ്പണർ അവിഷ്ക ഫെർണാണ്ടോ, കമിന്ദു മെൻഡിസ് എന്നിവരാണ് ലങ്കയുടെ ടോപ് സ്കോറർ. 62 പന്തിൽ 40 റൺസെടുത്ത ഫെർണാണ്ടോയെ വാഷിങ്ടൗൺ സുന്ദറാണ് പുറത്താക്കിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പതും നിസംഗയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ആതിഥേയരെ ഞെട്ടിച്ചു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഫെർണാണ്ടോയും കുശാൽ മെൻഡിസും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. പിന്നാലെ 42 പന്തിൽ 30 റൺസെടുത്ത മെൻഡിസിനെ വാഷിങ്ടൺ സുന്ദർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.
സദീര സമരവിക്രമ (31 പന്തിൽ 14), നായകൻ ചരിത് അസലങ്ക (42 പന്തിൽ 25), ജനിത് ലിയാനഗെ (29 പന്തിൽ 12) എന്നിവർ മടങ്ങിയതോടെ ലങ്ക ആറ് വിക്കറ്റിന് 136 റൺസിലേക്ക് തകർന്നു. ഏഴാം വിക്കറ്റിൽ ദുനിത് വെല്ലാലഗെയും കമിന്ദു മെൻഡിസും ചേർന്ന് നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്. 35 പന്തിൽ 39 റൺസെടുത്ത വെല്ലാലഗെയെ കുൽദീപ് യാദവ് ശിവം ദുബെയും കൈകളിലെത്തിച്ചു. 44 പന്തിൽ 40 റൺസെടുത്ത മെൻഡിസ് റണ്ണൗട്ടായാണ് പുറത്തായത്. 13 പന്തിൽ 15 റൺസെടുത്ത അകില ധനഞ്ജയയുടെ വിക്കറ്റും നഷ്ടമായി.
ഒരു റണ്ണുമായി ജെഫ്രി വാൻഡർസേ പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരം കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.