തുടക്കം മിന്നിച്ച് സൂര്യയും ഗംഭീറും! ലങ്കയെ 43 റൺസിന് തകർത്ത് ഇന്ത്യ
text_fieldsപല്ലേക്കെലെ: ട്വന്‍റി20യിലെ പുതിയ നായകനും പരിശീലകനും കീഴിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അനായാസ വിജയം സ്വപ്നം കണ്ട ലങ്കയെ അവസാന ഓവറുകളിലെ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് തകർത്തത്. ആതിഥേയർ 19.2 ഓവറിൽ 170 റൺസിന് ഓൾ ഔട്ടായി.
അവസാന 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി (1-0). ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആദ്യ മത്സരമായിരുന്നു. സൂര്യകുമാർ യാദവിന്‍റെ നായക ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 26 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 58 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. റിയാൻ പരാഗ് മൂന്നു വിക്കറ്റ് വീഴ്ത്തി. ലങ്കക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് ക്രീസിൽ നിലയുറപ്പിക്കാനായില്ല. പത്തും നിസംഗയും കുശാൽ മെൻഡിസും ഇന്ത്യൻ ബൗളർമാരെ സിക്സുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചാണ് തുടങ്ങിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 84 റൺസ് അടിച്ചുകൂട്ടി. 27 പന്തിൽ 45 റൺസെടുത്ത മെൻഡിസിനെ ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ആദ്യ ബ്രേക്ക് ത്രൂ നൽകി.
കുശാൽ പെരേരയുമായി ചേർന്ന് സ്കോർ ഉയർത്തുന്നതിനിടെ 48 പന്തിൽ 79 റൺസെടുത്ത നിസംഗയെ അക്സർ പട്ടേൽ ബൗൾഡാക്കി. നാലു സിക്സും ഏഴു ബൗണ്ടറികളുമാണ് താരം നേടിയത്. 14 പന്തിൽ 20 റൺസെടുത്ത പെരേരയെ പട്ടേൽ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ചു. കമിന്ദു മെൻഡിസ് (എട്ടു പന്തിൽ 12), ചരിത്ത് അസലങ്ക (പൂജ്യം), ദാസുൻ ശാനക (പൂജ്യം), വാനിന്ദു ഹസരംഗ (മൂന്നു പന്തിൽ രണ്ട്), മതീഷ പതിരന (ഏഴു പന്തിൽ ആറ്), മഹീഷ് തീക്ഷണ (അഞ്ച് പന്തിൽ രണ്ട്), ദിൽശൻ മദുശങ്ക (പൂജ്യം) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. റണ്ണൊന്നും എടുക്കാതെ അസിത ഫെർണാണ്ടോ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 5.6 ഓവറിൽ 74 റൺസെടുത്താണ് പിരിഞ്ഞത്. 16 പന്തിൽ 34 റൺസെടുത്ത ഗില്ലിനെ ആറാം ഓവറിൽ മടക്കി മധുശങ്കയാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ ജയ്സ്വാളും പുറത്തായി. ഒരു റൺ അകലെയാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് അർധ സെഞ്ച്വറി നഷ്ടമായത്. 33 പന്തിൽ 49 റൺസെടുത്ത താരം പതിരനയുടെ പന്തിൽ ബൗൾഡായി. യശ്വസി ജയ്സ്വാൾ 21 പന്തിൽ 40 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ (10 പന്തിൽ ഒമ്പത്), റിയാൻ പരാഗ് (ആറു പന്തിൽ ഏഴ്), റിങ്കു സിങ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
10 റൺസുമായി അക്സർ പട്ടേലും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ലങ്കക്കായി പതിരന നാലു വിക്കറ്റ് വീഴ്ത്തി. മധുശങ്ക, അസിത ഫെർണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ലങ്കൻ നായകൻ അസലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ കളിച്ചില്ല. സ്പെഷൽ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.