ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് വിൻഡീസ്; 23 ഓവറിൽ 114 റൺസിന് പുറത്ത്; കുൽദീപിന് നാലും ജദേജക്ക് മൂന്നും വിക്കറ്റുകൾ
text_fieldsബ്രിഡ്ജ്ടൗൺ: ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ് വെസ്റ്റീൻഡീസ് ബാറ്റർമാർ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയർ 23 ഓവറിൽ 114 റൺസിന് പുറത്തായി.
ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും വീഴ്ത്തി. വീൻഡീസ് നിരയിൽ നായകൻ ഷായ് ഹോപിനു മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. 45 പന്തിൽ 43 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. നാലുപേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേർ പൂജ്യത്തിന് പുറത്തായി.
കൈൽ മയേഴ്‌സ് (ഒമ്പത് പന്തിൽ രണ്ട് റൺസ്), അലിക് അതനാസെ (18 പന്തിൽ 22), ബ്രാൻഡൻ കിങ് (23 പന്തിൽ 17), ഷിമ്രോൻ ഹെറ്റ്‌മെയർ (19 പന്തിൽ 11), റൊവ്മൻ പവൽ (നാലു പന്തിൽ നാല്), റൊമാരിയോ ഷെഫേഡ് (പൂജ്യം), ഡൊമിനിക് ഡ്രേക്‌സ് (അഞ്ച് പന്തിൽ മൂന്ന്), യാനിക് കറിയ (ഒമ്പത് പന്തിൽ മൂന്ന്), ജെയ്ഡൻ സീൽസ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഗുഡകേഷ് മോട്ടി റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. മുഹമ്മദ് സിറാജിന്‍റെ അഭാവത്തിൽ പേസർ മുകേഷ് കുമാർ ടീമിൽ ഇടം നേടി. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
നേരത്തെ, ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിലാണ് മത്സരം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈൽ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയർ, റൊവ്മൻ പവൽ, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീൽസ്, ഗുഡകേഷ് മോട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.