വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനം ഇന്ന്
text_fieldsബ്രിഡ്ജ്ടൗൺ: വിജയവും സമനിലയുമായി ടെസ്റ്റ് പരമ്പര നേടിയതിനു പിന്നാലെ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ വ്യാഴാഴ്ച മുതൽ ഏകദിന പരമ്പരക്ക്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയാറെടുക്കുന്ന ടീമിലെ പല താരങ്ങൾക്കും നിർണായകമാണ്. ബൗളർമാരിലും മധ്യനിര ബാറ്റർമാരിലും ലോകകപ്പിന് അവസരം കാത്തിരിക്കുന്നവർ അകത്തും പുറത്തുമുള്ളതിനാൽ നിറംമങ്ങുന്നവർക്ക് രക്ഷയുണ്ടാവില്ല. ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാവാത്ത നിരാശയിൽ ഇറങ്ങുന്ന വിൻഡീസ് പുതിയ തുടക്കമായാണ് പരമ്പരയെ കാണുന്നത്.
മധ്യനിര ബാറ്റർമാരായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർക്ക് മികവ് പുലർത്തിയേ തീരൂ. ട്വന്റി 20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യക്ക് ഏകദിനത്തിൽ പക്ഷേ, തിളങ്ങാനാവുന്നില്ല. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ആദ്യ പന്തിൽ പുറത്തായി ‘ഗോൾഡൻ ഡക്ക് ഹാട്രിക്’ എന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരുന്നു മുംബൈ ഇന്ത്യൻസ് ബാറ്റർ. വിക്കറ്റ് കീപ്പറുടെ ഗ്ലൗസിനായി ഇഷാൻ മത്സരിക്കുന്നത് മലയാളി താരം സഞ്ജുവിനോടാണ്. ടെസ്റ്റ് പരമ്പരയിൽ വിക്കറ്റിനു പിറകിലും ബാറ്റുകൊണ്ടും മിന്നിയിരുന്നു ഇഷാൻ. ഏകദിനത്തിൽ മികച്ച ശരാശരിയുള്ള ബാറ്ററാണ് സഞ്ജു. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തിൽ ലഭിക്കുന്ന അവസരം വിനിയോഗിക്കുകയാണ് സൂര്യക്കും സഞ്ജുവിനും ഇഷാനും മുന്നിലുള്ള വഴി. ഇവരെ മാറിമാറി പരീക്ഷിക്കാനായിരിക്കും ടീം മാനേജ്മെന്റിന്റെ ശ്രമം.
ഓപണർമാരായ ക്യാപ്റ്റൻ രോഹിതും ശുഭ്മൻ ഗില്ലും തുടരും. വിരാട് കോഹ്ലി, ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, പേസർ മുഹമ്മദ് സിറാജ് എന്നിവരും സ്ഥാനം ഉറപ്പുള്ളവരാണ്. ബാറ്റർമാരിൽ ഋതുരാജ് ഗെയ്ക്വാദും പേസ് ബൗളിങ്ങിലേക്ക് ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്, മുകേഷ് കുമാർ, ഓൾറൗണ്ടർ കൂടിയായ ശാർദുൽ ഠാകുർ എന്നിവരും സ്പിൻ ബൗളർമാരായ യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും, ഓൾറൗണ്ടർ അക്സർ പട്ടേലും പരിഗണന തേടുന്നുണ്ട്. വിൻഡീസിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പരയിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ജയം അനിവാര്യം. ജൂലൈ 29നും ആഗസ്റ്റ് ഒന്നിനുമാണ് രണ്ടും മൂന്നും മത്സരങ്ങൾ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ), റോവ്മാൻ പവൽ, അലിക്ക് അത് നാസെ, യാനിക് കരിയ, കീസി കാർട്ടി, ഡൊമിനിക് ഡ്രേക്ക്സ്, ഷിംറോൺ ഹെറ്റ്മെയർ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, കെയ്ൽ മേയേഴ്സ്, ഗുഡകേഷ് മോട്ടി, ജയ്ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, കെവിൻ സിൻക്ലെയർ, ഒഷാനെ തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.