‘നിരാശാജനകം, ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; തോൽവിക്കു പിന്നാലെ ഹാർദിക് പാണ്ഡ്യ
text_fieldsഒന്നാം ഏകദിനത്തിലെ ദയനീയ തോൽവിക്കു വെസ്റ്റിൻഡീസ് പകരം വീട്ടിയിരിക്കുന്നു, രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറിൽ 181 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നാലുവിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സര പരമ്പരയിൽ വിൻഡീസ് ഇന്ത്യക്ക് ഒപ്പമെത്തി. അമിത ആത്മവിശ്വാസവുമായി ഇറങ്ങിയതാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്.
സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത്ത് ശർമക്കും വിശ്രമം നൽകിയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. പകരം സഞ്ജു സാംസണും അക്സർ പട്ടേലും പ്ലെയിങ് ഇലവനിലെത്തി. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്. ഇടക്ക് രണ്ടു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ സന്ദർശകർ വിൻഡീസ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ തകർന്നടിയുകയായിരുന്നു.
ഓപണർമാരായ ഇഷാൻ കിഷനും (55 റൺസ്) ശുഭ്മൻ ഗില്ലും (34) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സഞ്ജു 19 പന്തിൽ ഒമ്പതു റൺസ് മാത്രം സ്കോർ ചെയ്ത് മടങ്ങി. മത്സരശേഷം തോൽവിയിലെ നിരാശ ഹാർദിക് പരസ്യമാക്കി. ടീമിന്‍റെ മോശം ബാറ്റിങ്ങാണ് ദയനീയ തോൽവിയിലേക്ക് തള്ളിവിട്ടത്.
ബാറ്റർമാർ വിക്കറ്റുകൾ അനായാസം നഷ്ടപ്പെടുത്തിയതിലും ഉദ്ദേശിച്ച ഗെയിം പ്ലാൻ പാലിക്കുന്നതിൽ പരാജയപ്പെട്ടതിലും പാണ്ഡ്യ നിരാശ പ്രകടിപ്പിച്ചു. ‘ഞങ്ങൾ വിചാരിച്ച രീതിയിൽ ബാറ്റ് ചെയ്തില്ല. ഒന്നാം ഏകദിനത്തേക്കാൾ മികച്ച വിക്കറ്റായിരുന്നു. ശുഭ്മൻ ഗിൽ ഒഴികെയുള്ള എല്ലാവരും ഫീൽഡർമാരുടെ കൈയിലേക്ക് പന്ത് അടിച്ചുകൊടുത്താണ് പുറത്തായത്. നിരാശാജനകമാണ്, പക്ഷേ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഞങ്ങളുടെ ഓപ്പണർമാർ, പ്രത്യേകിച്ച് ഇഷാൻ കിഷൻ, നന്നായി ബാറ്റ് ചെയ്തു, അത് നല്ലതാണ്, ശാർദൂൽ ഠാക്കൂർ ബൗളിങ്ങിലൂടെ ഞങ്ങളെ തിരിച്ചുകൊണ്ടുവന്നു. ഷായ് ഹോപ്പിന്‍റെയും കീസി കാർറ്റിയുടെയും ബാറ്റിങ്ങാണ് ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചത്’ -പാണ്ഡ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.