പകരംവീട്ടി വെസ്റ്റിൻഡീസ്; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് തോൽവി
text_fieldsബ്രിജ്ടൗൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറിൽ 181 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നാലുവിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ലക്ഷ്യംകണ്ടു.
ഇതോടെ മൂന്നു മത്സര പരമ്പരയിൽ വിൻഡീസ് ഇന്ത്യക്ക് ഒപ്പമെത്തി. സ്കോർ: ഇന്ത്യ 40.5 ഓവറിൽ 181ന് പുറത്ത്. വെസ്റ്റിൻഡീസ് 36.4 ഓവറിൽ 182. അമിത ആത്മവിശ്വാസവുമായി ഇറങ്ങിയതാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്. ഇടക്ക് രണ്ടു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ സന്ദർശകർ വിൻഡീസ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ എളുപ്പത്തിൽ കൂടാരം കയറുകയായിരുന്നു.
ആതിഥേയർക്കായി നായകൻ ഷായ് ഹോപ് അർധ സെഞ്ച്വറി നേടി. 80 പന്തിൽ 63 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. 48 റൺസുമായി കീസി കാർത്തി മികച്ച പിന്തുണ നൽകി. ഇന്ത്യക്കുവേണ്ടി ശാർദുൽ ഠാക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഓപണർമാരായ ഇഷാൻ കിഷൻ 55ഉം ശുഭ്മൻ ഗിൽ 34ഉം റൺസെടുത്തതാണ് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. സഞ്ജു സാംസൺ 19 പന്തിൽ ഒമ്പതു റൺസ് മാത്രം സ്കോർ ചെയ്ത് മടങ്ങി. അക്സർ പട്ടേൽ (1), ഹാർദിക് പാണ്ഡ്യ (7), സൂര്യകുമാർ യാദവ് (24), രവീന്ദ്ര ജദേജ (10), ശാർദുൽ ഠാകുർ (16) എന്നിങ്ങനെയാണ് മധ്യനിരയുടെ സംഭാവന.
പിന്നാലെ മഴയുമെത്തി. സൂര്യകുമാറായിരുന്നു ഇതേസമയം നോൺ സ്ട്രൈക്കിങ് എൻഡിൽ. മുക്കാൽ മണിക്കൂറിനു ശേഷമാണ് കളി പുനരാരംഭിച്ചത്. 32ാം ഓവറിൽ ജദേജയെ (21 പന്തിൽ 10) ഷെപ്പേർഡും 34ാം ഓവറിൽ സൂര്യയെ (25 പന്തിൽ 24) മോട്ടീയും ഫീൽഡർമാരുടെ കൈകളിലേക്കയച്ചു. ഏഴിന് 148ൽ തകർന്നടിയവെ കുൽദീപ് യാദവിനൊപ്പം പിടിച്ചുനിന്ന് സ്കോറുയർത്താൻ ശ്രമിച്ച ശാർദുലിന് 38ാം ഓവറിൽ പിഴച്ചു. 22 പന്തിൽ 16 റൺസെടുത്ത താരത്തെ അൽസാരി ജോസഫ് വിക്കറ്റിന് മുന്നിൽ കുരുക്കി. എട്ടിന് 167. വീണ്ടും മഴയെത്തി. 15 മിനിറ്റിനുശേഷം കളി പുനരാരംഭിച്ചയുടനെ ഉമ്രാൻ മാലിക്കിനെ (0) അൽസാരി തന്നെ വീഴ്ത്തി. 167ൽ ഒമ്പതാം വിക്കറ്റും. ഏഴു പന്തിൽ ആറു റൺസെടുത്ത മുകേഷ് കുമാറിനെ മോട്ടീ, ഷിമ്രോൺ ഹിറ്റ്മെയറുടെ കൈകളിൽ ഭദ്രമാക്കിയതോടെ ഇന്ത്യ 181ന് ഓൾ ഔട്ട്.
ഇന്ത്യ സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും വിശ്രമം നൽകിയപ്പോൾ ടീമിനെ നയിച്ചത് പാണ്ഡ്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.