ഇടയൻ രാജാവായ കഥ
text_fieldsലോഡർഹിൽസ് (ഫ്ലോറിഡ): വെസ്റ്റിൻഡീസ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ വിജയം നേടിയ ഇന്ത്യൻ ടീം ട്വന്റി20യിൽ അടിയറവ് പറഞ്ഞിരിക്കുന്നു. ട്വന്റി20യിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ സന്ദർശകർ അടുത്ത രണ്ടെണ്ണത്തിലും ജയിച്ച് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയെങ്കിലും നിർണായകമായ അഞ്ചാമത്തെയും അവസാനത്തെയും കളിയിൽ പാളി.
ഇന്ത്യ 166 റൺസ് ലക്ഷ്യം പിന്തുടർന്ന വിൻഡീസ് രണ്ട് ഓവർ ബാക്കി നിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 171ലെത്തി. 17 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യക്ക് കരീബിയൻ സംഘത്തിനെതിരെ പരമ്പര തോൽവി. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ട്വന്റി20 പരമ്പരയിൽ മൂന്ന് മത്സരങ്ങൾ ഇതുവരെ തോറ്റിട്ടില്ല. 12 തുടർച്ചയായ കിരീടങ്ങൾക്ക് ശേഷം ദ്വിരാഷ്ട്ര പരമ്പരയിലെ പരാജയം ആദ്യം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ബി.സി.സി.ഐ നടത്തിയ പരീക്ഷണം ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കിലും ചില പാഠങ്ങളുണ്ട്.
ഹാർദിക്കിന്റെ ക്യാപ്റ്റൻസി
രോഹിത് ശർമക്ക് ശേഷം പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ആര് നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ അരങ്ങേറ്റത്തിൽതന്നെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയ പാണ്ഡ്യ, ഇക്കുറിയും ടീമിനെ ഫൈനലിലെത്തിച്ചു.
നായകഗുണങ്ങൾ സമ്മേളിച്ച 29കാരന്റെ ബാറ്റും പന്തുംകൊണ്ട് ഗുജറാത്തിനെയും ഇന്ത്യയെയും വിജയങ്ങളിലേക്ക് കൊണ്ടുപോയത് ബി.സി.സി.ഐയിലും ആരാധകരിലും മതിപ്പുളവാക്കിയിരുന്നു. എന്നാൽ, വെസ്റ്റിൻഡീസ് പര്യടനത്തിൽ അത്ര ആശാവഹമായിരുന്നില്ല കാര്യങ്ങൾ.
ഏകദിന പരമ്പരയിലെ അവസാന രണ്ട് കളികളിലും പാണ്ഡ്യയായിരുന്നു ക്യാപ്റ്റൻ. ജയവും തോൽവിയും 50:50. ട്വന്റി20യിൽ ജയത്തേക്കാളേറെ പരാജയങ്ങളും. പാണ്ഡ്യയുടെ പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടു. ജോലിഭാരം താരത്തിന്റെ വ്യക്തിഗത പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കാണ് പോക്ക്. എങ്കിലും ഒറ്റ പരമ്പരകൊണ്ട് ഹാർദിക്കിന്റെ കാര്യത്തിൽ പുനഃപരിശോധനയുണ്ടാവാനിടയില്ല.
മധ്യനിരയിൽ സ്ഥാനം ഉറപ്പിച്ച് തിലക് വർമ
അരങ്ങേറ്റക്കാരൻ തിലക് വർമയാണ് പരമ്പരയുടെ കണ്ടുപിടിത്തം. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യർ എന്നിവരുടെ അഭാവം മധ്യനിരയിലുണ്ടാക്കിയ വിടവ് നികത്താൻ പാകത്തിലുള്ളതാണ് തിലകിന്റെ ബാറ്റിങ് മികവ്. ട്വന്റി20യിൽ തിളങ്ങുന്ന സൂര്യകുമാർ യാദവ് ഏകദിനത്തിൽ പരാജയമാണ്. യശസ്വി ജയ്സ്വാൾ ഓപണറുടെ റോൾ ഭംഗിയായി നിറവേറ്റുന്നതും ആശ്വാസം.
ഏകദിന പരമ്പരയിലെ മൂന്ന് കളികളിലും ഓപണറായെത്തി അർധശതകം നേടിയ ഇഷാൻ കിഷനെയും വിശ്വസിക്കാം. ശുഭ്മൻ ഗില്ലിന്റെ സ്ഥിരതയില്ലായ്മ തലവേദനയാണ്. മലയാളി താരം സഞ്ജു സാംസണിന് കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്താനാവാത്തത് തിരിച്ചടിയാവും. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഒരു അർധശതകം നേടിയ സഞ്ജു ട്വന്റി20യിൽ അമ്പേ പരാജയമായി. ഏകദിന ലോകകപ്പ് ആസന്നമാകവേ താരത്തിന് ടീമിൽ ഇടം കിട്ടാനുള്ള സാധ്യതകളും അവസാനിക്കുകയാണ്. അയർലൻഡ് പര്യടനത്തിൽ തിളങ്ങിയാൽ മാത്രമേ രക്ഷയുള്ളൂ.
വിൻഡീസിന് ആശ്വാസം
ട്വന്റി20 ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിനും യോഗ്യത നേടാനാവാതെ പോയ വെസ്റ്റിൻഡീസിന് ജീവശ്വാസം നൽകുന്നതാണ് വിജയങ്ങൾ. ട്വന്റി20യിൽ ലോക ഒന്നാം നമ്പറുകാരായ ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞത് ഏഴാം സ്ഥാനത്തുള്ള കരീബിയൻസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പരമ്പരയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാംസ്ഥാനത്ത് ആതിഥേയ താരങ്ങളാണ്. നിക്കോളാസ് പൂരൻ 176ഉം ബ്രാൻഡൻ കിങ് 173ഉം റൺസ് നേടി ഒന്നാം സ്ഥാനത്തെത്തി.
ആകെ ഒമ്പത് വിക്കറ്റ് വീഴ്ത്തി പേസർ റൊമാരിയോ ഷെപ്പേർഡാണ് ബൗളർമാരിൽ മുന്നിൽ. അവസാന മത്സരത്തിൽ കിങ് 55 പന്തിൽ 85 റൺസടിച്ച് പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ ഷെപ്പേർഡാണ് പ്ലയർ ഓഫ് ദ മാച്ച്. പൂരൻ പരമ്പരയുടെ താരവുമായി.
അയർലൻഡ് പര്യടനം: സീതാന്‍ഷു ഇന്ത്യൻ പരിശീലകനാവും
ന്യൂഡൽഹി: അയർലൻഡിൽ നടക്കുന്ന ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡുണ്ടാകില്ല. മുന്‍ സൗരാഷ്ട്ര ക്യാപ്റ്റനും ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ചുമായ സീതാന്‍ഷു കൊടാകാണ് ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങുന്നത്.
അയർലൻഡ് പര്യടനത്തിൽ ദ്രാവിഡിന് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരക്കാരനായി എത്തേണ്ട ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്മണും ടീമിനൊപ്പം ചേരില്ല. നേരത്തേ, ഇന്ത്യ എ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ സീതാന്‍ഷു ആയിരുന്നു പരിശീലകൻ. അയർലൻഡിലേക്ക് ജസ്പ്രീത് ബുംറക്ക് കീഴിൽ രണ്ടാം നിരയെയാണ് അയക്കുന്നത്. സായ്രാജ് ബഹുതുലെ ബൗളിങ് പരിശീലകനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.