സമ്പൂർണ ജയം: മൂന്നാം ഏകദിനവും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി
text_fieldsഅഹ്മദാബാദ്: ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം എന്ന സിനിമ ഡയലോഗുപോലെയായി കാര്യങ്ങൾ. 50 ഓവർ വരെ ക്ഷമയോടെ കളിക്കാനൊന്നും വെസ്റ്റിൻഡീസിനെ കിട്ടില്ല. അതൊക്കെ പഴയ കഥ. 'വേണേൽ 20 ട്വൻറിയിൽ വാ കാണിച്ചുതരാം...' എന്നാവും മൂന്നാം ഏകദിനവും ഇന്ത്യക്കുമുന്നിൽ അടിയറവു വെച്ച കരീബിയൻ ടീമംഗങ്ങൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാവുക...
കാര്യമായി ഒന്നും സംഭവിച്ചില്ല, വിൻഡീസിനെതിരെ അഹ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യ 96 റൺസിന്റെ വമ്പൻ ജയത്തോടെ പരമ്പര 3-0ന് തൂത്തുവാരി... സ്കോർ: ഇന്ത്യ 265. വെസ്റ്റിൻഡീസ് 169ന് ഓൾ ഔട്ട്.
ഇന്ത്യ ഉയർത്തിയ 266 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് മുൻനിര കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തുടക്കത്തിലേ തകർന്നുവീണു. 19 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ വെസ്റ്റിൻഡീസിന് 82 റൺസിലെത്തിയപ്പോഴേക്കും ഏഴു വിക്കറ്റും നഷ്ടമായി. 34 റൺസെടുത്ത ക്യാപ്റ്റൻ നികോളാസ് പൂരനു പുറമെ വാലറ്റത്ത് അൽസരി ജോസഫും (56 പന്തിൽ 29 റൺസ്) ഒഡിയൻ സ്മിത്ത് വെറും 18 പന്തിൽ അടിച്ചുകൂട്ടിയ 36 റൺസുമാണ് നാണക്കേടിൽ നിന്ന് കരീബിയന്മാരെ കരകയറ്റിയത്.
മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വീതം വിക്കറ്റുവീഴ്ത്തിയപ്പോൾ ദീപക് ചഹാറും കുൽദീപ് യാദവും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
നേരത്തെ ടോസ് കിട്ടി സമ്പൂർണ പരമ്പര വിജയം ലക്ഷ്യമിട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയെങ്കിലും തുടക്കം തകർച്ചയോടെയായിരുന്നു. ബാറ്റിങ് ലൈനപ്പിന്റെ മോന്തായം തന്നെ തകർന്നു. 42 റണ്ണിലെത്തുമ്പോഴേക്കും മൂന്നു മുൻനിര ബാറ്റർമാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. 15 പന്തിൽ 13 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ ക്രീസ്വിട്ടു. അൽസരി ജോസഫിന്റെ പന്തിൽ കുറ്റിതെറിച്ചായിരുന്നു നായകന്റെ മടക്കം. വൈകാതെ സഹ ഓപണർ ശിഖർ ധവാനും ഗാലറിയിൽ മടങ്ങിയെത്തി. വെറും 10 റൺസായിരുന്നു ധവാന്റെ സ്കോർ. കോഹ്ലി ഒറ്റ റണ്ണുപോലുമെടുക്കാതെ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
ഇനിയും വിക്കറ്റ് വലിച്ചെറിഞ്ഞാൽ പണികിട്ടും എന്ന് തിരിച്ചറിവുള്ളതുകൊണ്ടാവണം ഋഷഭ് പന്ത് ഇത്തവണ ശ്രദ്ധിച്ചാണ് കളിച്ചത്. ടീമിൽ മടങ്ങിയെത്തിയ ശ്രേയസ് അയ്യർ മറുവശത്ത് താളം കണ്ടെത്തിയതോടെ പന്തും ഗിയർ മാറ്റിപ്പിടിച്ചു. അപ്പോഴും ജാഗ്രത കൈവിട്ടില്ല.
രണ്ടുപേരും ചേർന്ന നാലാം വിക്കറ്റിൽ 110 റൺസ് സ്കോർ ബോർഡിലെത്തി. കൂടുതൽ അക്രമാസക്തനാകുന്നതിനിടയിൽ സ്പിന്നർ ഹെയ്ഡൻ വാൽഷിന്റെ ബോളിൽ വിക്കറ്റ് കീപ്പർ ഷായി ഹോപ് പിടിച്ചു പുറത്തായി. 54 പന്തിൽ 56 റൺസായിരുന്നു പന്തിന്റെ സംഭാവന.
സൂര്യകുമാർ യാദവ് ആറു റൺസുമായി വേഗം മടങ്ങി. 111 പന്തിൽ നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യർ 80 റൺസുമായി വാൽഷിനു തന്നെ വിക്കറ്റ് നൽകി.
ആറിന് 187 റൺസ് എന്ന നിലയിലായ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് വാലറ്റത്ത് വാഷിങ്ടൺ സുന്ദറും ദീപക് ചഹാറും നടത്തിയ പോരാട്ടമായിരുന്നു. സുന്ദർ 34 പന്തിൽ 33 റൺസെടുത്തപ്പോൾ 38 പന്തിൽ 38 റൺസ് നേടി ചഹാറും തുണച്ചു. കുൽദീപ് യാദവ് അഞ്ചു റൺസും മുഹമ്മദ് സിറാജ് നാലു റൺസുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.