ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റ് ഇന്നു മുതൽ
text_fieldsപോർട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിൽ വ്യാഴാഴ്ച തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനൊരു പ്രത്യേകതയുണ്ട്. ഇരു ടീമും തമ്മിലെ നൂറാം ടെസ്റ്റാണിത്. 1948ലാണ് ഇന്ത്യയും വിൻഡീസും ആദ്യമായി ഏറ്റുമുട്ടിയത്. തുടർന്നിങ്ങോട്ട് ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റിൽ 99 തവണ മുഖാമുഖം വന്നു. നിലവിലെ പരമ്പരയിലെ ആദ്യ മത്സരം മൂന്നു ദിവസംകൊണ്ട് തീർത്ത് ഇന്നിങ്സ് ജയം നേടി രോഹിത് ശർമയും സംഘവും. രണ്ടാം മത്സരത്തിൽ ജയിച്ചാലും സമനിലയിലായാലും പരമ്പര സ്വന്തം. നൂറാം ടെസ്റ്റ് വലിയൊരു അവസരമാണെന്നാണ് രോഹിത് പറഞ്ഞുവെക്കുന്നത്.
വിജയ ഇലവനിൽ വലിയ പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരില്ലെങ്കിലും പേസർമാരായ ജയ്ദേവ് ഉനദ്കടിന്റെയും ശാർദുൽ ഠാകുറിന്റെയും സീറ്റുകൾ തുലാസ്സിലാണ്. പകരം സ്പിൻ ഓൾറൗണ്ടറായ അക്സർ പട്ടേലിനെ ഇറക്കിക്കൂടെന്നില്ല. ശാർദുലും ഓൾറൗണ്ടറാണെങ്കിലും ബാറ്റിങ്ങിൽ വിശ്വാസ്യത കാക്കുന്നത് അക്സറാണ്. മധ്യനിരയിൽ അജിൻക്യ രഹാനെ ഇനിയും താളംകണ്ടെത്താത്തതാണ് മറ്റൊരു തലവേദന. ഇഷാൻ കിഷനും സ്കോർ ചെയ്യാൻ വിഷമിച്ചെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ മികവ് പുലർത്തി. സെഞ്ച്വറി നേടിയ രോഹിത് ശർമയും യശസ്വി ജയ്സ്വാളും തന്നെ ഓപണർമാരായെത്തും. ഒന്നാം ടെസ്റ്റിൽ പരാജയമായെങ്കിലും ശുഭ്മൻ ഗില്ലിൽ മാനേജ്മെന്റിന് വിശ്വാസമുണ്ട്. വിരാട് കോഹ്ലിയും ഫോമിലാണ്. സ്പിന്നർമാരായ ആർ. അശ്വിനും രവീന്ദ്ര ജദേജയും ചേർന്നാണ് കരീബിയൻപടയെ എറിഞ്ഞിട്ടത്. ആതിഥേയനിരയിൽ പരിക്കേറ്റു പുറത്തായ ബാറ്റിങ് ഓൾറൗണ്ടർ റെമോൺ റെയ്ഫറിന് പകരം സ്പിൻ ഓൾറൗണ്ടർ കെവിൻ സിൻക്ലിയർ എത്തിയിട്ടുണ്ട്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്കട്, മുകേഷ് കുമാർ, നവ്ദീപ് സൈനി, ഋതുരാജ് ഗെയ്ക്വാദ്, കെ.എസ്. ഭരത്.
വെസ്റ്റിൻഡീസ്: ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (ക്യാപ്റ്റൻ), ജർമെയ്ൻ ബ്ലാക്ക്വുഡ്, അലിക് അത്നാസെ, ടാഗനരേൻ ചാന്ദർപോൾ, റഹ്കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കെൻസെയർ, കെവിൻ സിൻക്ലിയർ, കെമർ റോഷ്, ജോമെൽ വാരിക്കൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.