ഇന്ത്യ-വെസ്റ്റിൻഡീസ് മൂന്നാം ഏകദിനം ഇന്ന്
text_fieldsടറൂബ: ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച നടക്കും. ആദ്യ കളിയിലെ ജയം നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ നായകനെയടക്കം ബെഞ്ചിലിരുത്തി രണ്ടാം അങ്കത്തിനിറങ്ങിയ സന്ദർശകർക്ക് പക്ഷേ പാളിയിരുന്നു. ആറു വിക്കറ്റ് ജയത്തോടെ പരമ്പര സമനിലയിലാക്കാനായി വിൻഡീസിന്. ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെപോയ മുൻ ചാമ്പ്യന്മാർക്ക് ഇന്ത്യയെ തോൽപിക്കാനായത് ഊർജവുമേകി. രണ്ടാമത്തെ കളിയിൽ തോറ്റെങ്കിലും പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങൾ തുടരുമെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകുന്ന സൂചന. ഏഷ്യാകപ്പും ലോകകപ്പും ഉൾപ്പെടെ ആഗതമാവുന്ന വൻ പോരാട്ടങ്ങളിലേക്കാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഇന്ത്യയെ ആരു നയിക്കുമെന്നതാണ് ആദ്യ ചോദ്യം. രോഹിത് ശർമ തിരിച്ചെത്തുമെന്നാണ് ക്യാമ്പിലെ അവസാന വർത്തമാനങ്ങളെങ്കിലും യുവതാരങ്ങൾക്ക് അവസരമൊരുക്കാൻ മാറിനിന്നുകൂടെന്നില്ല. അങ്ങനെയങ്കിൽ ഹാർദിക് പാണ്ഡ്യ തന്നെ ക്യാപ്റ്റനാവും. രോഹിത് കളിക്കുന്നപക്ഷം ഗില്ലിനോ ഇഷാനോ വിശ്രമം നൽകും. സൂര്യകുമാർ യാദവിനും സഞ്ജു സാംസണിനും ഇനിയും അവസരമൊരുക്കാൻതന്നെയാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
വിരാട് കോഹ്ലിയും തിരിച്ചെത്തിയാൽ കരക്കിരുത്താവുന്നവരുടെ പട്ടികയിലേക്ക് ഓൾറൗണ്ടർ രവീന്ദ്ര ജദേജ വരെ കയറിവരുന്നുണ്ട്. രണ്ടു മത്സരങ്ങളിലും അർധ ശതകം നേടിയ ഇഷാൻ മാത്രമാണ് ബാറ്റർമാരിൽ ആശാവഹമായ പ്രകടനം നടത്തുന്നത്. രണ്ടാം മത്സര ഇലവനിൽ ഇടംപിടിച്ച സഞ്ജു പരാജയമായെങ്കിലും ഒറ്റ കളികൊണ്ട് വിധിയെഴുതേണ്ടതില്ലെന്നാണ് ടീം മാനേജ്മെന്റ് നിലപാട്. ഋതുരാജ് ഗെയ്ക്വാദും പ്രതീക്ഷയോടെ ബെഞ്ചിലുണ്ട്. പേസർ ജയദേവ് ഉനദ്കടും പരിഗണനാ പട്ടികയിലെ സജീവ പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.