രോഹിതിന്റെ ഇന്ത്യ ഇന്നിറങ്ങുന്നു
text_fieldsഅഹ്മദാബാദ്: വിരാട് കോഹ്ലി കളമൊഴിഞ്ഞ നായക പദവിയിൽ സൂപ്പർ താരം രോഹിത് ശർമ അവതരിക്കുന്ന പുതിയ ഇന്ത്യൻ നിര ഇന്ന് കരീബിയൻ കരുത്തിനെതിരെ. ദ്രാവിഡ്- രോഹിത് കൂട്ടുകെട്ട് കൈപിടിക്കുന്നുവെന്നതുൾപ്പെടെ സവിശേഷതകളേറെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് അഹ്മദാബാദിൽ തുടക്കം. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റും ഏകദിനവും തോറ്റ് മടങ്ങിയ സംഘത്തിന് പുതുജീവൻ നൽകുമെന്ന് കരുതുന്ന പരമ്പര അടുത്ത വർഷം അരങ്ങുണരുന്ന ഏകദിന ലോകകപ്പിലേക്ക് തയാറെടുപ്പിന്റെ തുടക്കം കൂടിയാകും.
വലിയ വീഴ്ചകളിൽനിന്ന് പാഠമെന്നോണം ടീം ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഓപണറായി തനിക്കൊപ്പം ഇശാൻ കിഷനാകും ഇറങ്ങുകയെന്ന് ക്യാപ്റ്റൻ ഇതിനകം നയം വ്യക്തമാക്കിക്കഴിഞ്ഞു. കെ.എൽ. രാഹുൽ പരിക്കേറ്റ് പുറത്താണെന്നതിനു പുറമെ പകരക്കാരാകേണ്ടിയിരുന്ന ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ കോവിഡ് പോസിറ്റിവായി സമ്പർക്ക വിലക്കിലുമാണ്. മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വിളിയെത്തിയത് അവസാന മണിക്കൂറുകളിലായതിനാൽ മൂന്നു ദിവസത്തെ ക്വാറന്റീൻ അവസാനിച്ചിട്ടില്ല. ഇതോടെ, താരതമ്യേന, പരിചയക്കുറവുള്ള ഇശാൻ കിഷന് ഓപണറുടെ റോളിൽ നറുക്ക് വീഴുകയായിരുന്നു.
മധ്യനിരയിലും പരീക്ഷണങ്ങൾക്ക് ക്യാപ്റ്റൻ നിർബന്ധിതനാണെന്നത് സത്യം. ദക്ഷിണാഫ്രിക്കയിൽ രണ്ടാം മത്സരത്തിൽ ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം മാറ്റിനിർത്തിയാൽ മധ്യനിര മിക്കവാറും പരാജയമായിരുന്നു. പ്രതീക്ഷ നൽകേണ്ട ശ്രേയസ് അയ്യർ കോവിഡിൽ കുടുങ്ങി പുറത്താണെന്നതും വില്ലനാകും.
സൂര്യകുമാർ യാദവിനു പുറമെ വിജയ് ഹസാരെ ട്രോഫി സ്റ്റാർ ദീപക് ഹൂഡക്കും ഇതോടെ നറുക്കുവീണേക്കും. നായകപദവി വിട്ട വിരാട് കോഹ്ലി ഇനി ബാറ്റിങ്ങിൽ മിന്നും പ്രകടനവുമായി പഴയ പ്രതാപത്തിലേക്ക് തിരികെ പോകുമെന്നാണ് പ്രതീക്ഷ. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ വിശ്രമത്തിലായതിനാൽ 'പാൽഘഡ് എക്സ്പ്രസ്' ശാർദുൽ ഠാകൂർ നയിക്കുന്ന സംഘമാകും ഇന്ത്യൻ ആക്രമണത്തെ നയിക്കുക.
മുഹമ്മദ് സിറാജ്, ദീപക് ചഹർ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ എന്നിവരും അവർക്കു മുന്നിലായി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരും ബൗളിങ് നിരയിലുണ്ട്. മറുവശത്ത്, ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര ജയിച്ച വിൻഡീസ് കരുത്തുറപ്പിച്ചാണ് ഇന്ത്യൻ മണ്ണിലെത്തിയിരിക്കുന്നത്. നായകൻ കീറൺ പൊളാഡ്, ഓൾറൗണ്ടർ ജാസൺ ഹോൾഡർ, പവർ ഹിറ്റർ നികൊളാസ് പൂരൻ തുടങ്ങി ഏതുനിരയിലും കരുത്തുകാട്ടാനൊരുങ്ങുകയാണ് കരീബിയൻ നിരയിൽ വമ്പന്മാർ.
1000 ാമത്തെ ഇന്ത്യ
അഹ്മദാബാദ്: വിൻഡീസിനെതിരായ പോരാട്ടത്തിലേക്ക് അഹ്മദാബാദിലെ നരേന്ദ്ര മോദി മൈതാനം ഉണരുമ്പോൾ ഇന്ത്യ പിന്നിടുന്നത് 1,000ാം മത്സരമെന്ന നാഴികക്കല്ല്. ഇതുവരെ 999 ഏകദിനങ്ങൾ കളിച്ചതിൽ 518 ജയവും 431 തോൽവിയും ഒമ്പതു ടൈയുമാണ് മത്സരഫലം. 41 എണ്ണം തീരുമാനമാകാതെ നിർത്തി. 2011ൽ വിൻഡീസിനെതിരെ തന്നെ ഉയർത്തിയ 418 ആണ് ഏറ്റവും ഉയർന്ന ടോട്ടൽ. കുറഞ്ഞത് ശ്രീലങ്കക്കെതിരെ 2000ൽ ഷാർജ മൈതാനത്ത് 54 അടിച്ചതും. ഏറ്റവും ഉയർന്ന വിജയം ബർമുഡക്കെതിരെ 257 റൺസിന് (2007). ചെറുത് ന്യൂസിലൻഡിനെതിരെ ഒരു റൺസിന് (1990). ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടു തവണ ഇതേ വിജയം നേടിയതും ചേർത്തുവായിക്കണം.
കൂടുതൽ കളിച്ചതും റൺ നേടിയതും സചിൻ ടെണ്ടുൽകർ- 463 ഏകദിനങ്ങളിൽ 18,426 റൺസ്. സെഞ്ച്വറികളും സചിന്റെ പേരിൽ- 49. ഉയർന്ന വ്യക്തിഗത സ്കോർ രോഹിത് ശർമ 264 റൺസ്. കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് അനിൽ കുംെബ്ല- 334.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.