ഇന്ത്യ-വിൻഡീസ് പരമ്പര: ട്വന്റി 20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsകൊൽക്കത്ത: മുഴുസമയ വൈറ്റ്ബാൾ ക്യാപ്റ്റനായ ആദ്യ പരമ്പരയിൽ തന്നെ നൂറുശതമാനം വിജയം പോക്കറ്റിലാക്കിയതിന്റെ ആവശേത്തിലാണ് രോഹിത് ശർമ. അതുകൊണ്ടുതന്നെ ഏകദിന പരമ്പരയിലെ ആധിപത്യം ട്വന്റി20യിലും തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഇഷ്ടമൈതാനമായ ഈഡൻ ഗാർഡൻസിൽ രോഹിത് ടീമുമായി ഇറങ്ങുക. എന്നാൽ, ഏകദിനത്തിലെ വിൻഡീസ് അല്ല ട്വന്റി20യിലെ വിൻഡീസ്. കുട്ടിക്രിക്കറ്റിനായി പടക്കപ്പെട്ടവരാണവർ. കരീബിയൻ ദ്വീപുകളിലെ ജീവിതശൈലിപോലെ തന്നെ അടിച്ചുപൊളി ക്രിക്കറ്റാണ് അവരുടെ ഇഷ്ട ഫോർമാറ്റ്. ക്രിസ് ഗെയ്ലിനെയും ആന്ദ്രെ റസലിനെയും പോലുള്ള മഹാമേരുക്കളില്ലെങ്കിലും നായകൻ കീറൺ പൊള്ളാർഡും വൈസ് ക്യാപ്റ്റൻ നികോളാസ് പുരാനും മിന്നും ഫോമിലുള്ള ജേസൺ ഹോൾഡറും വെടിക്കെട്ടുകാരായ റോവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത് എന്നിവരുമൊക്കെയുള്ള വിൻഡീസിനെ എഴുതിത്തള്ളാനാവില്ല.പരിക്കേറ്റ ലോകേഷ് രാഹുലും വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിലില്ല. രോഹിതിനൊപ്പം ആരാകും ഓപണർ എന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ഇഷാൻ കിഷനോ ഋതുരാജ് ഗെയ്ക്വാദിനോ ആവും നറുക്കു വീഴുക.
കിഷൻ ഇറങ്ങുകയാണെങ്കിൽ ഋഷഭ് പന്തിന് വിശ്രമം നൽകി മധ്യനിരയിൽ സൂര്യകുമാർ യാദവിനും ശ്രേയസ് അയ്യർക്കും ഒരുമിച്ച് അവസരം നൽകാനാവും. ബൗളിങ്ങിൽ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, രവി ബിഷ്ണോയി എന്നിവർ കളിക്കാനും സാധ്യതയുണ്ട്.
ടീം: ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ശർദുൽ ഠാകുർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, കുൽദീപ് യാദവ്, ഹർപ്രീത് ബ്രാർ.
വെസ്റ്റിൻഡീസ്: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നികോളാസ് പുരാൻ, ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, റോസ്റ്റൺ ചേസ്, ഷെൽഡൺ കോട്രൽ, ഡൊമിനിക് ഡ്രെയ്ക്സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്, അഖീൽ ഹുസൈൻ, ബ്രൻഡൻ കിങ്, റോവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത്, കെയ്ൽ മെയേഴ്സ്, ഹെയ്ഡൻ വാൽഷ്.
കോഹ്ലിയെ വെറുതെ വിടൂ -രോഹിത്
കൊൽക്കത്ത: വിരാട് കോഹ്ലിയുടെ ബാറ്റിങ് ഫോമിനെ കുറിച്ചുള്ള വേവലാതി അസ്ഥാനത്താണെന്ന് ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ. വിമർശിക്കുന്നവർ മിണ്ടാതിരുന്നാൽ തീരുന്ന പ്രശ്നമേ കോഹ്ലിയുടെ കാര്യത്തിലുള്ളൂ എന്ന് വിൻഡീസിനെതിരായ ആദ്യ ട്വന്റി20ക്ക് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ രോഹിത് പറഞ്ഞു.
''ഏെറക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന കോഹ്ലിക്ക് എങ്ങനെ സമ്മർദ ഘട്ടങ്ങൾ അതിജീവിക്കണമെന്ന് ശരിക്കറിയാം'' -രോഹിത് പറഞ്ഞു. കരിയറിൽ 44 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയിട്ടുള്ള കോഹ്ലിയുടെ ബാറ്റിൽനിന്ന് മൂന്നു വർഷത്തോളമായി മൂന്നക്ക സ്കോറുകൾ പിറന്നിട്ടില്ലെന്നതാണ് വിമർശനത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.