ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി20: കാണികളെ അനുവദിക്കില്ലെന്ന് ബി.സി.സി.ഐ
text_fieldsകൊൽക്കത്ത: ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി20 മത്സരങ്ങൾക്ക് കാണികളെ അനുവദിക്കില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഏകദിന പരമ്പര കാണികളില്ലാതെ നടത്തുമെന്ന് ഗുജറാത്ത് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.
ഇതിനകം ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ എട്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സൈനി എന്നിവർ രോഗം ബാധിച്ച് ഐസൊലേഷനിൽ തുടരുകയാണ്.
ഈഡൻ ഗാർഡനിലെ മൂന്ന് ട്വന്‍റി20 മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് ടിക്കറ്റ് നൽകില്ലെന്ന് ഗാംഗുലി പറഞ്ഞു. മഹാമാരി പടരുന്ന സാഹചര്യത്തിൽ ആരാധകരെ അകത്തേക്ക് കടത്തിവിടുന്നതിൽ അപകട സാധ്യതകളുണ്ട്. കളിക്കാരുടെ സുരക്ഷയെ അത് ബാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
അതേസമയം, ബി.സി.സി.ഐയിൽനിന്ന് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്‍റ് അവിശേക് ഡാൽമിയ പറയുന്നത്. 75 ശതമാനം കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കാം എന്ന് നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാൽ, കാണികളെ അനുവദിച്ചുകൊണ്ട് കളിക്കാരുടെ ആരോഗ്യ സുരക്ഷ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 16ന് ട്വന്‍റി20യും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.