‘പാകിസ്താന് നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ കനത്ത വില കൊടുക്കേണ്ടിവരും’; മുന്നറിയിപ്പുമായി പി.സി.ബി
text_fieldsഇസ്‍ലാമാബാദ്: മൂന്നു പതിറ്റാണ്ടിനുശേഷം രാജ്യത്ത് വിരുന്നെത്തിയ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി പാകിസ്താന് സമ്മാനിച്ചത് കോടികളുടെ നഷ്ടമാണ്. ഐ.സി.സിയുടെ സുപ്രധാന ടൂർണമെന്‍റിന് വേദിയൊരുക്കുന്നതിലൂടെ വലിയ വരുമാനവും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ലക്ഷ്യമിട്ടിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ 750 കോടി രൂപയുടെ ബാധ്യത ടൂർണമെന്‍റ് നടത്തിപ്പ് വഴി പാക് ക്രിക്കറ്റ് ബോർഡിനുണ്ടായെന്നാണ് പറയുന്നത്. ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതോടെ ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതും പാകിസ്താൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ദയനീയ തോൽവി വഴങ്ങി പുറത്തായതും അവരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബൈയാണ് വേദിയായത്.
ഫൈനൽ വേദി ഉൾപ്പെടെ പാകിസ്താന് നഷ്ടമായി. അതേസമയം, ടൂർണമെന്‍റ് നടത്തിപ്പിലൂടെ വലിയ വരുമാനം ഉണ്ടായെന്നാണ് പാക് ക്രിക്കറ്റ് അവകാശപ്പെടുന്നത്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇത്തരത്തിൽ വ്യാജ വാർത്ത നൽകിയതെന്ന് പി.സി.ബി വക്താവ് ആമിർ മിറും ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജാവേദ് മുർത്താസയും കുറ്റപ്പെടുത്തി. പാകിസ്താന് നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഭാവിയിൽ ബി.സി.സി.ഐ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് കൂടി ആമിർ മുന്നറിയിപ്പ് നൽകി.
‘രാജ്യാന്തര ക്രിക്കറ്റിനെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ഐ.സി.സിയുടേതാണ്. പാകിസ്താനെ ദ്രോഹിക്കാൻ ശ്രമിച്ചാൽ, ഇന്ത്യ കനത്ത വലി കൊടുക്കേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അടുത്ത മൂന്നു വർഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഞങ്ങൾ ഇന്ത്യയിലേക്ക് പോകില്ലെന്നത് അറിയാമല്ലോ. അതുകൊണ്ട് പാകിസ്താന് ഏതെങ്കിലും വിധത്തിൽ സാമ്പത്തിക നഷ്ടം നേരിട്ടാൽ, പാക്കിസ്താൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന തീരുമാനം ബി.സി.സി.ഐക്ക് അതിലും വലിയ നഷ്ടം വരുത്തിവെക്കും’ -ആമിർ മിർ പറഞ്ഞു.
ദുബൈയിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്. ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെ വേദി സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. ഏറെ വൈകിയാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐ.സി.സി തീരുമാനിച്ചത്. പതിറ്റാണ്ടുകളായി ഐ.സി.സി ടൂർണമെന്‍റുകളിലും ഏഷ്യൻ കപ്പിലുമാണ് ഇന്ത്യയും പാകിസ്താനും കളിക്കുന്നത്. 2005-06 കാലയളവിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ പോയി പരമ്പര കളിച്ചത്. 2012-13 കാലയളവിൽ പാകിസ്താൻ ഇന്ത്യയിൽ പരമ്പര കളിക്കാനെത്തിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും പാകിസ്താൻ ഇന്ത്യയിൽ കളിക്കാൻ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.