സിംബാബ്‍വെക്കെതിരെ 100 റൺസ് ജയം; ഇന്ത്യൻ യുവനിരയുടെ ഗംഭീര തിരിച്ചുവരവ്
text_fieldsഹരാരെ: ആദ്യ ട്വന്റി 20 യിലെ ദയനീയ പരാജയത്തിന്റെ ക്ഷീണം രണ്ടാം ട്വന്റിയിൽ മാറ്റി ഇന്ത്യ തുടങ്ങി. സിംബാബ്‍വെക്കെതിരെക്കെതിരെ 100 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യൻ യുവനിര നേടിയത്.
അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ പടുത്തുയർത്തിയ 235 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം താണ്ടാൻ സിംബാബ്‍വെക്കായില്ല. 18.4 ഓവറിൽ 134 റൺസിന് സിംബാബ്‍വെയുടെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ആവേശ് ഖാനുമാണ് ആതിഥേയ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. 43 റൺസെടുത്ത വെസ്ലി മധേവെറെയും 33 റൺസെടുത്ത ലൂക്ക ജോങ്വെയും ഒമ്പത് പന്തിൽ 26 റൺസെടുത്ത ബ്രയാൻ ബെന്നറ്റുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര 1-1 നിലയിലായി.
നേരത്തെ, ട്വന്റി 20 യിൽ കന്നിസെഞ്ച്വറി നേടിയ അഭിഷേക് ശർമയും റിതുരാജ് ഗെയ്ക്ക്‍വാദും (77 നോട്ടൗട്ട്) റിങ്കുസിങ്ങും (48 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 234 റൺസ്!
ആദ്യ ട്വന്റി20യിൽ പരാജയം നേരിട്ട ഇന്ത്യ ഹരാരെയിൽ ഇന്ന് രണ്ടും കൽപിച്ചായിരുന്നു. രണ്ടാം ഓവറിൽ രണ്ടു റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അമ്പേ പരാജയമായെങ്കിലും അഭിഷേകും ഗെയ്ക്ക്‍വാദും തരിമ്പും ഭീതിയിലാണ്ടില്ല. ആതിഥേയ ബൗളർമാരെ കണക്കിന് ശിക്ഷിച്ച് ഇരുവരും കത്തിക്കയറിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. 47 പന്തിൽ ഏഴു ഫോറും എട്ടു സിക്സുമടക്കം 100 റൺസ് തികച്ചതിന് പിന്നാലെയാണ് അഭിഷേക് മടങ്ങിയത്.
വ്യക്തിഗത സ്കോർ 82ൽ നിൽക്കെ തുടരെ മൂന്ന് സിക്സറുകൾ പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. അവസാനം നേരിട്ട 16 പന്തുകളിൽ പത്തും അതിർത്തി കന്നു. ഇതിൽ ആറും സിക്സറുകളായിരുന്നു. ഒടുവിൽ വെല്ലിങ്ടൺ മസാക്കാസയുടെ പന്തിൽ മയേഴ്സ് പിടിച്ചാണ് പുറത്തായത്. ടീം സ്കോർ അപ്പോൾ 147 റൺസെന്ന നിലയിലായിരുന്നു.
അവസാന ഘട്ടത്തിൽ ഗെയ്ക്ക്വാദും റിങ്കുവും പഴുതുകളൊന്നും നൽകാതെ ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. 47പന്ത് നേരിട്ട ഗെയ്ക്ക്‍വാദ് 11 ഫോറും ഒരു സിക്സുമടിച്ചപ്പോൾ 22 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സുമടക്കമാണ് റിങ്കു 48ലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.