ഹർലീൻ ഡിയോളിന് സെഞ്ച്വറി; വിൻഡീസിനെതിരെ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര പിടിച്ച് ഇന്ത്യൻ വനിതകൾ
text_fieldsവഡോദര: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. രണ്ടാം മത്സരത്തിൽ 115 റൺസിനായിരുന്നു ജയം. ഇതോടെ മൂന്ന് കളികളടങ്ങിയ പരമ്പരയിൽ ഹർമൻപ്രീത് കൗറും സംഘവും 2-0ന്റെ അപരാജിത ലീഡ് നേടി.
ടോസ് ജയിച്ച് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഹർലീൻ ഡിയോളിന്റെ (115) സെഞ്ച്വറി മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 358 റൺസെന്ന കൂറ്റൻ സ്കോർ കുറിച്ചു. വിൻഡീസിന്റെ മറുപടി 46.2 ഓവറിൽ 243ൽ അവസാനിച്ചു. ഓപണറും ക്യാപ്റ്റനുമായ ഹെയ്‍ലി മാത്യൂസിന്റെ (106) ശതകമാണ് ടീമിനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്.
ഓപണർമാരായ സ്മൃത മന്ദാനയും പ്രതിക റാവലും ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി. ഉജ്ജ്വല ഫോം തുടരുന്ന സ്മൃതി 47 പന്തിൽ 53 റൺസ് നേടി 17ാം ഓവറിൽ മടങ്ങുമ്പോൾ സ്കോർ 110ലെത്തിയിരുന്നു. 86 പന്തിൽ 76 റൺസായിരുന്നു പ്രതികയുടെ സംഭാവന. ഇരുവരും പുറത്തായെങ്കിലും ഒരറ്റത്ത് കത്തിക്കയറി ഹർലീൻ ഇന്ത്യയെ 300 കടത്തിയാണ് മടങ്ങിയത്.
16 ബൗണ്ടറികളുടെ അകമ്പടിയോടെ 103 പന്തിലാണ് താരം 115 റൺസടിച്ചത്. മധ്യനിരയിൽ ജെമീമ റോഡ്രിഗസ് 36 പന്തിൽ 52 റൺസ് നേടി. ക്യാപ്റ്റൻ ഹർമൻ 18 പന്തിൽ 22 റൺസും ചേർത്തു. വിൻഡീസ് ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറവെ പിടിച്ചുനിന്ന ഹെയ്‍ലി 39ാം ഓവർ വരെ ബാറ്റ് ചെയ്തു.
ക്യാപ്റ്റൻ ഷെമെയ്ൻ കാംപെലെ (38), സൈദ ജെയിംസ് (25), ആഫി ഫ്ലച്ചർ (22) എന്നിവരുടെതാണ് മറ്റു എടുത്തു പറയത്തക്ക പ്രകടനങ്ങൾ. ഇന്ത്യക്കായി പ്രിയ മിശ്ര മൂന്നും ദീപ്തി ശർമയും ടിറ്റസ് സധുവും പ്രതികയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ട്വന്റി20 പരമ്പരയും ആതിഥേയർ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.