വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ വിജയത്തുടക്കം
text_fieldsഅഹ്മദാബാദ്: ബാറ്റും ബാളും പിഴക്കാതെ കൈയിലെടുത്ത് രോഹിതും സംഘവും നടത്തിയ ഒന്നാം യാത്ര വിജയതീരത്ത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം തൊട്ടത് ആറു വിക്കറ്റിന്. പ്രമുഖരിൽ പലരും കോവിഡിൽ കുരുങ്ങി പുറത്തിരുന്നിട്ടും എതിരാളികളെ ചിത്രത്തിനു പുറത്തുനിർത്തിയായിരുന്നു ഇന്ത്യൻ തേരോട്ടം. സ്കോർ വെസ്റ്റിൻഡീസ് 43.5 ഓവറിൽ 177ന് എല്ലാവരും പുറത്ത്, ഇന്ത്യ 28 ഓവറിൽ 178/4.
1000ാം ഏകദിനത്തിനിറങ്ങിയ ആതിഥേയരുടെ ബൗളിങ് കരുത്ത് അപകടം വിതച്ച ദിനത്തിൽ അതിവേഗമായിരുന്നു വിൻഡീസ് വിക്കറ്റു വീഴ്ച. യുസ്വേന്ദ്ര ചഹലും വാഷിങ്ടൺ സുന്ദറും നയിച്ച സ്പിൻ ആക്രമണം തുടക്കത്തിലേ വിൻഡീസ് പ്രതീക്ഷകൾക്കു മേൽ താണ്ഡവമാടി. 9.5 ഓവർ എറിഞ്ഞ ചഹൽ 49 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തപ്പോൾ സുന്ദർ ഒമ്പത് ഓവറിൽ 30 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തി. ജാസൺ ഹോൾഡർ (57 റൺസ്) ഒഴികെ സന്ദർശക നിരയിൽ ആർക്കും മെച്ചപ്പെട്ട സ്കോർ കണ്ടെത്താനായില്ല.
എട്ടു റൺസ് മാത്രമെടുത്ത ഷായ് ഹോപ്പിനെയാണ് കരീബിയൻ പടക്ക് ആദ്യം നഷ്ടമായത്. മൂന്നാം ഓവറിൽ ടീം സ്കോർ 13ൽ നിൽക്കെ മുഹമ്മദ് സിറാജായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടരെ രണ്ടു ബൗണ്ടറികൾ പായിച്ച് സിറാജിനെ ഞെട്ടിച്ച ഹോപ് തൊട്ടടുത്ത പന്തിൽ ബൗൾഡാവുകയായിരുന്നു. ബ്രാൻഡൻ കിങ് (13), ഡാരൻ ബ്രാവോ (18) എന്നിവരും വലിയ സമ്പാദ്യമില്ലാതെ മടങ്ങി. ഒരു ഘട്ടത്തിൽ 79 റൺസ് ചേർക്കുന്നതിനിടെ ഏഴു വിക്കറ്റ് വീണ് ദയനീയ നിലയിലായ സന്ദർശകരെ കാത്ത് ജാസൺ ഹോൾഡറും അലനും ചേർന്ന് സ്കോർ മുന്നോട്ടുനയിച്ചെങ്കിലും സുന്ദറിന്റെ പന്തിൽ അലൻ മടങ്ങി. ഇരുവരും ചേർന്ന് ഉയർത്തിയ 78 റൺസ് കൂട്ടുകെട്ടായിരുന്നു വൻ തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചത്. വാലറ്റത്ത് അൽസരി ജോസഫിനെ ചഹൽ മടക്കിയതോടെ 43.5 ഓവറിൽ വിൻഡീസ് ഇന്നിങ്സിന് തിരശ്ശീലയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിതിന്റെ തണലിൽ അതിവേഗമാണ് വിജയത്തിലേക്ക് കുതിച്ചത്. ഒട്ടും തളർച്ച കാട്ടാതെ ബാറ്റുവീശിയ നായകൻ 51 പന്തിൽ 60 റൺസെടുത്ത് ഇന്ത്യൻ വിജയം നേരത്തെ ഉറപ്പിച്ചാണ് മടങ്ങിയത്. അവസാനം ദീപക് ഹൂഡയും സൂര്യകുമാർ യാദവും ചേർന്ന് 28 ഓവർ പൂർത്തിയാക്കുന്നതിനിടെ 178 റൺസ് അടിച്ചെടുത്ത് വിജയം പൂർത്തിയാക്കി. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ബുധനാഴ്ചയാണ് രണ്ടാം ഏകദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.