ക്യാപ്റ്റൻ രോഹിത് @ ക്ലാസ് 5
text_fieldsക്ലാസ് എന്ന വാക്കാണ് രോഹിത് ശർമയുടെ ബാറ്റിങ് കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക. രോഹിതിന്റെ നായകത്വത്തെ കുറിച്ച് പറയുമ്പോഴും അതുതന്നെയാവും ഏറ്റവും ഉചിതമായ വിശേഷണം. അഞ്ചാം തവണയും ട്വന്റി20 പരമ്പര തൂത്തുവാരി മികവ് തെളിയിച്ചിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത്. വൈറ്റ്ബാൾ ഫോർമാറ്റിൽ നായകസ്ഥാനം ഏറ്റെടുത്തതിനുപിന്നാലെ തുടർച്ചയായ മൂന്നാം പരമ്പരയിലും എല്ലാ കളികളും ജയിച്ച് ആധിപത്യമുറപ്പിച്ച രോഹിത് നായകസ്ഥാനത്ത് ട്വന്റി20 പരമ്പരകളിലെ 3-0 തൂത്തുവാരൽ റെക്കോഡ് അഞ്ചാക്കി ഉയർത്തി.
2017ൽ ശ്രീലങ്കക്കെതിരെ, 2018ൽ വിൻഡീസിനെതിരെ, 2021ൽ ന്യൂസിലൻഡിനെതിരെ, 2022ൽ വിൻഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും ആണ് രോഹിതിന്റെ നായകത്വത്തിൽ ഇന്ത്യ ട്വന്റി20 പരമ്പരകൾ 3-0ത്തിന് തൂത്തുവാരിയത്. മുഴുവൻ സമയ നായകനായ ശേഷം വിൻഡീസിനെതിരെ ഈ വർഷം ഏകദിന പരമ്പരയും രോഹിതും സംഘവും 3-0ത്തിന് സ്വന്തമാക്കിയിരുന്നു. 2019ൽ ന്യൂസിലൻഡിനെതിരെ തോറ്റത് മാത്രമാണ് രോഹിതിന്റെ കീഴിലെ ട്വന്റി20 പരമ്പര നഷ്ടം.
ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള (ചുരുങ്ങിയത് 25 മത്സരങ്ങളിൽ നായകനായി) ക്യാപ്റ്റനുമായി രോഹിത്. 85.71 ആണ് രോഹിതിന്റെ വിജയശതമാനം. അഫ്ഗാനിസ്താന്റെ അസ്ഗർ സ്റ്റാനിക്സായി (81.73), പാകിസ്താന്റെ സർഫറാസ് അഹ്മദ് (78.37), ബാബർ അഅ്സം (74.28) എന്നിവരെയാണ് രോഹിത് പിറകിലാക്കിയത്. 28 ട്വന്റി20 മത്സരങ്ങളിൽ 24 തവണയും രോഹിന്റെ ടീം വിജയിച്ചു. ലങ്കക്കെതിരായ മൂന്നാം കളിയും ജയിച്ചതോടെ ട്വന്റി20യിൽ ഹോം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജയങ്ങൾ എന്ന റെക്കോഡും രോഹിതിന്റെ പേരിലായി.
ഇന്ത്യയിൽ കളിച്ച 17ൽ 16ഉം രോഹിതിന്റെ ടീം ജയിച്ചു. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗൻ (30 മത്സരങ്ങളിൽ 15 ജയം വീതം), ആസ്ട്രേലിയയുടെ ാരോൺ ഫിഞ്ച് (25ൽ 14 ജയം), ഇന്ത്യയുടെ വിരാട് കോഹ്ലി (23ൽ 13 ജയം) എന്നിവരാണ് പിറകിൽ. ഏകദിനത്തിലും രോഹിതിന്റെ റെക്കോഡ് മോശമല്ല. 13 കളികളിൽ 11ലും ജയിച്ച രോഹിതിന്റെ വിജയ ശതമാനം 84.61 ആണ്.
ട്വന്റി20യിൽ രോഹിതിന്റെ വൈറ്റ്വാഷുകൾ
2017 ശ്രീലങ്കക്കെതിരെ 3-0
2018 വിൻഡീസിനെതിരെ 3-0
2021 ന്യൂസിലൻഡിനെതിരെ 3-0
2022 വിൻഡീസിനെതിരെ 3-0
2022 ശ്രീലങ്കക്കെതിരെ 3-0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.