ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് 62 റൺസ് ജയം
text_fieldsലഖ്നോ: ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വൻ വിജയം. 62 റൺസിനാണ് രോഹിത് ശർമയും സംഘവും വിജയഭേരി മുഴക്കിയത്. ആദ്യം ബാറ്റുചെയ്ത് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസടിച്ച ഇന്ത്യ ലങ്കയെ ആറിന് 137ലൊതുക്കി.
56 പന്തിൽ 89 റൺസടിച്ച ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 28 പന്തിൽ പുറത്താവാതെ 57 റൺസ് നേടിയ ശ്രേയസ് അയ്യരും 32 പന്തിൽ 44 റൺസ് സ്കോർ ചെയ്ത നായകൻ രോഹിത് ശർമയും പിന്തുണ നൽകി. വൻ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാറും െവങ്കിടേഷ് അയ്യരും ചേർന്നാണ് ഒതുക്കിയത്. 53 റൺസുമായി പുറത്താവാതെ നിന്ന ചരിത് അസലങ്ക മാത്രമാണ് ലക്ഷൻനിരയിൽ പിടിച്ചുനിന്നത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്യാൻ കിട്ടിയ അവസരം ഇന്ത്യ ശരിക്കും മുതലാക്കി. തകർത്തടിച്ച കിഷനും രോഹിതും ആദ്യ വിക്കറ്റിൽ 11.5 ഓവറിൽ 111 റൺസ് കൂട്ടിച്ചേർത്തു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ കിഷൻ ഇത്തവണ അവസരം പാഴാക്കിയില്ല. മൂന്നു സിക്സും 10 ബൗണ്ടറിയുമായി തകർത്തടിച്ച കിഷന് ഒരു സിക്സും രണ്ടു ഫോറുമായി രോഹിതും നല്ല കൂട്ടുനൽകിയതോടെ സ്കോർ ബോർഡ് അതിവേഗം കുതിച്ചു. ലാഹിരു കുമാരയുടെ പന്തിൽ കുറ്റിതെറിച്ച് രോഹിത് മടങ്ങിയതോടെ മൂന്നാം നമ്പറിൽ എത്തിയത് ശ്രേയസ്. താളം കണ്ടെത്താൻ സമയമെടുത്ത ശ്രേയസ് പിന്നീട് കത്തിക്കയറിയതോടെ റണ്ണൊഴുകി. രണ്ടു സിക്സും അഞ്ചു ബൗണ്ടറിയും പായിച്ച ശ്രേയസും രണ്ടാം വിക്കറ്റിൽ 44 റൺസ് ചേർത്തു. 155ൽ കിഷൻ പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജദേജയെ (നാലു പന്തിൽ പുറത്താവാതെ മൂന്ന്) ഒരറ്റത്ത് നിർത്തി ശ്രേയസ് ആഞ്ഞടിച്ചതോടെ അവസാന മൂന്നോവറിൽ 44 റൺസടിച്ച ഇന്ത്യ സ്കോർ 199ലെത്തിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.