ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്താനെ ബാറ്റിങ്ങിനയച്ചു; സഞ്ജുവും ജയ്സ്വാളും പുറത്തിരിക്കും
text_fieldsമൊഹാലി: അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. പകരം ജിതേഷ് ശർമ വിക്കറ്റ് കാക്കും. ശുഭ്മാൻ ഗില്ലും തിലക് വർമയും ഇടം പിടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായി.
അഫ്ഗാനും ഇന്ത്യയും തമ്മിൽ ആദ്യമായാണ് ഒരു വൈറ്റ്ബാൾ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഏകദിനത്തിലോ ട്വന്റി20യിലോ ഇതുവരെ ഇരുടീമും തമ്മിൽ പരമ്പരയിൽ ഏറ്റുമുട്ടിയിട്ടില്ല.
ഒരു വർഷത്തിന് ശേഷം ട്വന്റി 20 ടീമിൽ തിരിച്ചെത്തിയ സീനിയേഴ്സിന്റെ സാന്നിധ്യം ടീമിന് കരുത്തേകും. അതേ സമയം, സൂപ്പർതാരം വിരാട് കോഹ്ലി ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്ന് കോച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങളിൽ താരം തിരിച്ചെത്തിയേക്കും.
നീണ്ട ഇടവേളക്ക് ശേഷമാണ് നായകൻ രോഹിത് ശർമ ട്വന്റി മത്സരത്തിൽ കളിക്കുന്നത്. 2022 നവംബറിൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അവസാനമായി രോഹിത് ശർമയും വിരാട് കോഹ്ലിയും കളിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം തുടരുന്ന അഫ്ഗാനിസ്താൻ ഓൾ റൗണ്ടർ റാഷിദ് ഖാനും പരമ്പരയിൽ കളിക്കുന്നില്ല. ടീം പ്രഖ്യാപിച്ചപ്പോൾ റാഷിദിനെയും ഉൾപ്പെടുത്തിയിരുന്നു. പൂർണാരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് ഒഴിവാക്കേണ്ടിവന്നതെന്ന് ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു.
അന്തിമ ഇലവൻ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.
അഫ്ഗാനിസ്താൻ: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, റഹ്മത്ത് ഷാ, അസ്മത്തുല്ല ഉമർസായി, മുഹമ്മദ് നബി, നജീബുല്ല സദ്രാൻ, കരീം ജനത്, ഗുൽബദ്ദീൻ നായിബ്, ഫസൽ ഹഖ് ഫാറൂഖി, നവീനുൽ ഹഖ്, മുജീബുർറഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.